അവരിപ്പോൾ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്; സ്മൃതി ഇറാനിക്കൊപ്പം ശ്വേത മേനോൻ
20 വര്‍ഷം മുന്‍പ് ഒരുമിച്ച് മോഡലിംഗ് കരിയര്‍ തുടങ്ങിയവരാണ് സ്മൃതിയും ശ്വേതയും
മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. തുടര്‍ന്ന് വിവിധ ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ സജീവസാന്നിധ്യമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഒരു പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്വേത. മറ്റാരുമല്ല കേന്ദ്രമന്ത്രിയെ സ്മൃതി ഇറാനിയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ സന്തോഷമാണ് ശ്വേത ഷെയര്‍ ചെയ്തത്. ഒപ്പം സ്മൃതിക്കൊപ്പമുള്ള സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
20 വര്‍ഷം മുന്‍പ് ഒരുമിച്ച് മോഡലിംഗ് കരിയര്‍ തുടങ്ങിയവരാണ് സ്മൃതിയും ശ്വേതയും. സ്മൃതി പിന്നീട് മിനിസ്ക്രീന്‍ രംഗത്ത് സജീവമാവുകയും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടപ്പോൾ പേര് നീട്ടിവിളിച്ചുവെന്നും ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കിയപ്പോഴാണ് അവർ ഇപ്പോൾ കേന്ദ്രമന്ത്രിയാണെന്ന കാര്യം ഓർത്തതെന്നും ശ്വേത പറയുന്നു. കാൻ ചാനൽ മീഡിയയോടായിരുന്നു ശ്വേത ഇക്കാര്യം പറഞ്ഞത്.
ശ്വേതയുടെ വാക്കുകള്‍
മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി.
അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി. അവരുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസേഴ്‌സാണ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്‌ത്തി. സ്മൃതി വേഗത്തിൽ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു.
ഞാൻ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരൽപ്പം ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്‌നേഹത്തോടെ എന്നെ ചേർത്തുനിർത്തി. ഞാൻ സെൽഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,' ശ്വേത പറഞ്ഞു.