കെ.പി.എ.സി ലളിതയുടെ മകനല്ലായിരുന്നെങ്കിലും ഞാൻ അവരുടെ ഫാനാകുമായിരുന്നു: സിദ്ധാർത്ഥ് ഭരതൻ
''അത്രയും ശക്തയായ ഒരു സ്ത്രീയുടെ നിയന്ത്രണത്തിലാണ് ഞാൻ വളർന്നുവന്നത്''
ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അതിമനോഹരമായി വെള്ളിത്തിരയിലെത്തിച്ച അസാമാന്യ പ്രതിഭയാണ് കെ.പി.എ.സി ലളിത. നാടക വേദിയിൽ നിന്ന് തുടങ്ങിയ കെ.പി.എ.സി ലളിത ജീവിതം സിനിമക്കു വേണ്ടി മാത്രമാണ് സമർപ്പിച്ചത്. ലളിതയും ഇന്നസെന്റും ഒന്നിച്ചെത്തുന്ന പല സിനിമകളും ആരാധകരിൽ ഇന്നും ചിരിയുണർത്തുന്നതാണ്. മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ കെ.പി.എ.സി ലളിതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. തന്റെ പുതിയ ചിത്രമായ ചതുരത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പരാമർശം.
''കെ.പി.എ.സി ലളിതയുടെ മകനല്ലായിരുന്നെങ്കിലും ഞാൻ അവരുടെ ഫാനാകുമായിരുന്നു''- സിദ്ധാർത്ഥ് പറഞ്ഞു. തന്റെ ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന സംവിധായകനാണ് സിദ്ധാർത്ഥ്. സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കാതെ സിനിമയിൽ അവർക്ക് വ്യക്തിത്വം പ്രധാനം ചെയ്യുന്നതിൽ സിദ്ധാർത്ഥ് ശ്രമിക്കാറുണ്ട്. അത് ബോധപൂർവം ചെയ്യുന്നതാണോ ജീവിതത്തിൽ ഏതെങ്കിലും സ്ത്രീകൾ സ്വാധീനിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സിദ്ധാർത്ഥ്. അമ്മ തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണമെന്ന് സിദ്ധാർത്ഥ് മറുപടി നൽകി.
''അച്ഛൻ മരിക്കുമ്പോൾ ഞാൻ പത്താം ക്ലാസിലും, സഹോദരി കോളേജിൽ പഠിക്കുകയുമായിരുന്നു. അമ്മയ്ക്ക് 50 വയസ്സുമായി. എന്റെ സഹോദരിയെ അവർക്ക് വിവാഹം കഴിപ്പിക്കാനായി, അവരുടെ സിനിമാ ജീവിതം കൂടുതൽ വിജയകരമാക്കാൻ പറ്റി, എന്നെ നോക്കാൻ പറ്റി, 73 വയസ്സ് വരെ അവർ സിനിമയിൽ അഭിനയിച്ചു. അത്രയും ശക്തയായ ഒരു സ്ത്രീയുടെ നിയന്ത്രണത്തിലാണ് ഞാൻ വളർന്നുവന്നത്.'' സിദ്ധാർത്ഥ് പറഞ്ഞു.
ജിന്നിന് ശേഷം സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ചതുരം. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ആണ് ചിത്രം നിർമ്മിക്കുന്നത്. റോഷൻ മാത്യു, സ്വാസിക വിജയ്, അലൻസിയർ ലെ ലോപസ്, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിയറ്ററുകളിലും മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
തിരക്കഥ സിദ്ധാർഥ് ഭരതൻ, വിനോയ് തോമസ്. ഛായാഗ്രഹണം - പ്രദീഷ് വർമ്മ, സംഗീതം - പ്രശാന്ത് പിള്ള, എഡിറ്റർ- ദീപു ജോസഫ്, വസ്ത്രാലങ്കാരം - സ്റ്റേഫി സേവ്യർ, കലാ സംവിധാനം - അഖിൽ രാജ് ചിറയിൽ, മേക്കപ്പ് - അഭിലാഷ് എം, പ്രൊഡക്ഷൻ കൺട്രോളർ - മനോജ് കാരന്തൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അംബ്രോ, ശബ്ദ രൂപകല്പന - വിക്കി, ശബ്ദ മിശ്രണം - എം ആർ രാജകൃഷ്ണൻ, സ്റ്റിൽസ് - ജിതിൻ മധു, പ്രൊമോഷൻസ് - പപ്പെറ്റ് മീഡിയ, ടൈറ്റിൽ ഡിസൈൻ - സീറോ ഉണ്ണി.