'ട്രസ്റ്റ് ഭൂമി തട്ടി'; ഐ.എ.എസ് ഓഫിസര്‍ക്കെതിരെ ലോകായുക്തയില്‍ പരാതി നല്‍കി ഗായകന്‍ ലക്കി അലി
രോഹിണിയുടെ രഹസ്യചിത്രങ്ങള്‍ ഐ.പി.എസ് ഓഫിസറായ ഡി. രൂപ തനിക്ക് അയച്ചുതന്നെന്ന് ആരോപണവുമായി ബെംഗളൂരു കേന്ദ്രമായുള്ള വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു
ബെംഗളൂരു: മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍ക്കും ഭര്‍ത്താവിനുമെതിരെ ലോകായുക്തയില്‍ പരാതി നല്‍കി ഗായകന്‍ ലക്കി അലി. രോഹിണി സിന്ധൂരി, ഭര്‍ത്താവ് സുധീര്‍ റെഡ്ഡി, ഭര്‍തൃസഹോദരന്‍ മധുസൂധന്‍ റെഡ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ട്രസ്റ്റ് ഭൂമി തട്ടിയെടുത്തെന്ന പരാതി നല്‍കിയിരിക്കുന്നത്. അധികാരവും സ്വാധീനവും ഉപയോഗിച്ചാണു ഭൂസ്വത്തുക്കള്‍ കവര്‍ന്നതെന്നാണ് ആരോപണം.
ബെംഗളൂരു നഗരത്തിന്റെ ഭാഗമായ യെലഹങ്കയിലെ കാഞ്ചെനഹള്ളിയില്‍ ലക്കി അലിയുടെ ട്രസ്റ്റിന്റെ പേരിലുള്ള ഭൂസ്വത്തുക്കള്‍ തട്ടിയെടുത്തുവെന്നാണു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ കര്‍ണാടക ലോകായുക്തയ്ക്കാണ് ഗായകന്‍ പരാതി നല്‍കിയത്. യെലഹങ്ക ന്യൂ ടൗണ്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്കും കുടുംബത്തിനുമെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. 2022ലും ഭൂമി തട്ടിപ്പില്‍ ഐ.എസ്.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. പ്രാദേശിക പൊലീസ് ഉള്‍പ്പെടെ തട്ടിപ്പിനു കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കുറ്റാരോപിതയായ രോഹിണി സിന്ധൂരി ഐ.പി.എസ് ഓഫിസര്‍ ഡി. രൂപയുമായുള്ള തര്‍ക്കത്തിന്റെ പേരിലും മുന്‍പ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അഴിമതി ഉള്‍പ്പെടെയുള്ള 20ഓളം ആരോപണങ്ങള്‍ അക്കമിട്ടുനിരത്തി രൂപ ഫേസ്ബുക്കില്‍ രോഹിണിക്കെതിരെ പോസ്റ്റിട്ടിരുന്നു. സംഭവത്തിനു പിന്നാലെ രണ്ടുപേരെയും സ്ഥാനങ്ങളില്‍നിന്നു നീക്കുകയും ചെയ്തു.
രോഹിണിയുടെ രഹസ്യചിത്രങ്ങള്‍ ഡി. രൂപ തനിക്ക് അയച്ചുതന്നെന്ന് വെളിപ്പെടുത്തലുമായി ബെംഗളൂരുവിലെ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ രംഗത്തെത്തിയതും ഈ സമയത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതില്‍ രോഹിണി ഐ.പി.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കി. ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും നിരുപാധികം മാപ്പുപറയുകയും വേണമെന്നായിരുന്നു ആവശ്യം. കേസില്‍ ബെംഗളൂരു ഹൈക്കോടതി കേസെടുക്കാന്‍ ഉത്തരവിടുകയും ചെയ്തു. ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ് ഡി. രൂപ.
Summary: Singer Lucky Ali alleges senior IAS officer Rohini Sindhuri of grabbing farm land in Bengaluru, files complaint