ബി.ജെ.പി എം.എല്‍.എയുടെ ഭീഷണി; സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസിന്റെ ഹൈദരാബാദ് ഷോ റദ്ദാക്കി
ബലിപെരുന്നാള്‍ ബലിയില്‍നിന്ന് രക്ഷിക്കാന്‍ ഡല്‍ഹിയിലെ ചില ജൈന വിഭാഗക്കാര്‍ മുസ്‌ലിം വേഷം ധരിച്ച് ആടുകളെ കൂട്ടത്തോടെ വാങ്ങിയ സംഭവത്തെ ഷോയില്‍ പരാമര്‍ശിച്ചതായിരുന്നു പ്രകോപനത്തിനിടയാക്കിയത്
ഹൈദരാബാദ്: ബി.ജെ.പി എം.എല്‍.എയുടെ ഭീഷണിയെ തുടര്‍ന്ന് പ്രമുഖ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ഡാനിയല്‍ ഫെര്‍ണാണ്ടസിന്റെ ഷോ റദ്ദാക്കി. ശനിയാഴ്ച രാത്രി ഹൈദരാബാദിലെ ഒരു റെസ്‌റ്റോറന്റില്‍ നിശ്ചയിച്ചിരുന്ന പരിപാടിയാണു മാറ്റിയത്. ഫെര്‍ണാണ്ടസിന്റെ ഷോയുമായി മുന്നോട്ടുപോയാല്‍ വേദിയിലെത്തി അടിക്കുമെന്ന് ഗോഷാമഹല്‍ എം.എല്‍.എയും പ്രമുഖ ബി.ജെ.പി നേതാവുമായ ടി രാജാസിങ് ഭീഷണിപ്പെടുത്തിയിരുന്നു.
ഡാനിയല്‍ ഫെര്‍ണാണ്ടസിന്റെ ഒരു സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയില്‍ ജൈന സമുദായത്തെ അധിക്ഷേപിച്ചുവെന്നായിരുന്നു രാജാ സിങ്ങിന്റെ ആരോപണം. കഴിഞ്ഞ ബലിപെരുന്നാളിന് ഡല്‍ഹിയിലെ ചില ജൈന വിഭാഗക്കാര്‍ മുസ്‌ലിം വേഷം ധരിച്ച് ആടുകളെ കൂട്ടത്തോടെ വാങ്ങിയ സംഭവത്തെ ഷോയില്‍ പരാമര്‍ശിച്ചതായിരുന്നു പ്രകോപനത്തിനിടയാക്കിയത്. ആടുകളെ ബലിയറുക്കുന്നത് തടയാനായിരുന്നു ജൈന വിഭാഗത്തിന്റെ നടപടി.
കൊമേഡിയനെതിരെ ഭീഷണിയുമായി രാജാ സിങ് ഒരു വിഡിയോ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഫെര്‍ണാണ്ടസിന്റെ പരിപാടി ഹൈദരാബാദില്‍ അനുവദിക്കില്ലെന്ന് എം.എല്‍.എ വ്യക്തമാക്കി. ഷോ നടന്നാല്‍ വേദിയിലെത്തി കൊമേഡിയനെ കൈകാര്യം ചെയ്യുമെന്നും ഭീഷണി മുഴക്കി.
വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെ പൊലീസ് ഷോ വേദിയിലെത്തി സംഘാടകരുമായി സംസാരിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ സംഘാടകര്‍ ഷോ റദ്ദാക്കുകയായിരുന്നു. പരിപാടി നടക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഇത്.
സംഘാടകര്‍ ഷോയുടെ മുന്നൊരുക്കങ്ങളെ കുറിച്ച് തങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്ന് ഹൈദരാബാദ് പൊലീസ് പ്രതികരിച്ചു. നേരത്തെ വിവരം ലഭിച്ചിരുന്നെങ്കില്‍ സുരക്ഷയൊരുക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഹൈദരാബാദില്‍ നടക്കേണ്ട പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ മുനവ്വര്‍ ഫാറൂഖിയുടെ ഷോയും നേരത്തെ രാജാ സിങ് ഇടപെട്ട് തടഞ്ഞിരുന്നു. 2022 ആഗസ്റ്റിലായിരുന്നു സംഭവം.
Summary: Standup comedian Daniel Fernandes cancels Hyderabad show after violence threat from BJP MLA T Raja Singh