ഗോഡ്‍ഫാദര്‍ താരം ജെയിംസ് കാൻ അന്തരിച്ചു
ഗോഡ് ഫാദറിലെ സണി കോർലിയോണി എന്ന ഒറ്റ കഥാപാത്രം കൊണ്ട് സിനിമാ പ്രേമികള്‍ക്കുളില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭ...
ദി ഗോഡ്ഫാദർ എന്ന സിനിമയിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ ജെയിംസ് കാൻ അന്തരിച്ചു. 82 വയസായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ കുടുംബം ട്വിറ്ററിലൂടെയാണ് മരണവാർത്ത ലോകത്തെ അറിയിച്ചത്.
ഗോഡ് ഫാദറിലെ സണി കോർലിയോണി എന്ന ഒറ്റ കഥാപാത്രം കൊണ്ട് സിനിമാ പ്രേമികള്‍ക്കുളില്‍ ചിരപ്രതിഷ്ഠ നേടിയ അതുല്യ പ്രതിഭ. ജെയിംസ് എഡ്മണ്ട് കാൻ എന്ന കാൻ അഭിനയ മികവിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.
ന്യൂയോർക്കിലെ ബ്രോണ്‍ക്സില്‍ 1940ല്‍ ആണ് ജനനം. ഹൊഫ്സ്ര്ത സർവകലാശാലയിലെ പഠന സമയത്ത് ഫ്രാന്‍സിസ് ഫോർഡ് കൊപ്പോളയുമായുള്ള സൌഹൃദം അഭിനയത്തിലേക്കെത്തിച്ചു. ഗോള്‍ഡ്മാനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേര്‍ന്ന് നിര്‍മിച്ച നാടകത്തിലൂടെ അരങ്ങേറ്റം. പിന്നീട് റെഡ് ലൈന്‍ 7000, എല്‍ ഡൊറോഡോ എന്നീ സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടി.
1969 ല്‍ പുറത്തിറങ്ങിയ ദി റെയിന്‍ പീപ്പിള്‍ എന്ന ചിത്രത്തോടെ കാന്‍ ഹോളിവുഡിലെ പുതുയുഗത്തിന്റെ ഭാഗമായി. ഗോഡ്ഫാദറിലെ അഭിനയത്തിന് ഓസ്കർ നോമിനേഷന്‍. സഹ നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനും നോമിനേറ്റ് ചെയ്യപ്പെട്ടു . ദി ഗോഡ്ഫാദറിന്റെ രണ്ടാം ഭാഗത്തില്‍ അതിഥി വേഷത്തിലും കാന്‍ എത്തി. വേഷപകർച്ചകള്‍ ഇല്ലാത്ത ലോകത്തേക്ക് ജെയിംസ് കാന്‍ യാത്രയാകുമ്പോൾ ആ കഥാപാത്രങ്ങള്‍ ഒളിമങ്ങാതെ നമ്മുക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ്.