കശ്മീർ ഫയൽസ് ഉൾപ്പെടുത്താൻ രാഷ്ട്രീയ സമ്മർദമുണ്ടായിരുന്നു; ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ മാപ്പ്- നാദവ് ലാപിഡ്
''പരാമർശങ്ങൾക്കുശേഷം ഇന്ത്യയിലെ ചലച്ചിത്രരംഗത്തുനിന്നും മറ്റുമായി നൂറുകണക്കിന് സന്ദേശങ്ങളും ഇ-മെയിലുകളും ലഭിച്ചു. അവരെല്ലാം വിശ്വസിച്ച ഒരു കാര്യം ഒടുവിൽ പുറത്തുപറഞ്ഞതിലുള്ള സന്തോഷമായിരുന്നു അവർക്ക്.''
ന്യൂഡൽഹി: 'ദ കശ്മീർ ഫയൽസ്' ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണെന്ന് ജൂറി തലവൻ നാദവ് ലാപിഡ്. ചിത്രത്തിനെതിരെ മേളയുടെ സമാപന പരിപാടിയിൽ നടത്തിയ കടുത്ത പരാമർശങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെയാണ് വിശദീകരണം. അതേസമയം, തന്റെ പരാമർശം ഏതെങ്കിലും സമുദായത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പുപറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മാധ്യമമായ 'സി.എൻ.എൻ-ന്യൂസ്18'ന് നൽകിയ അഭിമുഖത്തിലാണ് നാദവ് മാപ്പുപറഞ്ഞത്. 'ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പീഡനമനുഭവിച്ച കുടുംബങ്ങളെയോ ജനങ്ങളെയോ അപമാനിക്കുകയായിരുന്നില്ല ഒരിക്കലും എന്റെ ലക്ഷ്യം. അത്തരത്തിൽ അതിനു വ്യാഖ്യാനം വന്നിട്ടുണ്ടെങ്കിൽ പൂർണമായും ക്ഷമചോദിക്കുന്നു.'-ഇസ്രായേൽ എഴുത്തുകാരനും ചലച്ചിത്രകാരനമായ നാദവ് ലാപിഡ് പറഞ്ഞു.
എന്നാൽ, രാഷ്ട്രീയ സമ്മർദത്തെ തുടർന്നാണ് ചിത്രം ഗോവ മേളയിൽ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയതെന്ന് ഇസ്രായേൽ മാധ്യമമായ 'ഹാരറ്റ്‌സി'നോട് നാദവ് വ്യക്തമാക്കി. 'ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രമേളയുടെ ഔദ്യോഗിക മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയസമ്മർദത്തെ തുടർന്നാണെന്ന് അറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ അവിടെയെത്തുന്ന ഒരു വിദേശിയെന്ന നിലയ്ക്ക് നാട്ടുകാർക്ക് പറയാൻ ബുദ്ധിമുട്ടുള്ള അക്കാര്യങ്ങൾ പറയാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് എനിക്ക് തോന്നി.'-അദ്ദേഹം വിശദീകരിച്ചു.
നാദവിന്റേത് ജൂറിയുടെ അഭിപ്രായമല്ലെന്നും സ്വന്തം അഭിപ്രായമാണെന്നുമുള്ള ചലച്ചിത്ര നിർമാതാവ് സുദിപ്‌തോ സെന്നിന്റെ വാദത്തെ അദ്ദേഹം തള്ളി. ജൂറിയിലെ മറ്റ് അംഗങ്ങൾക്കും തന്റെ നിലപാടായിരുന്നുവെന്നതിനു തെളിവുണ്ടെന്ന് നാദവ് ലാപിഡ് വ്യക്തമാക്കി. പരാമർശങ്ങൾക്കുശേഷം ഇന്ത്യയിലെ ചലച്ചിത്രരംഗത്തുനിന്നും മറ്റുമായി നൂറുകണക്കിന് സന്ദേശങ്ങളും ഇ-മെയിലുകളും എനിക്ക് ലഭിച്ചു. എല്ലാവരും സന്തോഷമറിയിക്കുകയായിരുന്നു. അവരെല്ലാം വിശ്വസിച്ച ഒരു കാര്യം ഒടുവിൽ പുറത്തുപറഞ്ഞതിലുള്ള സന്തോഷമാണവർക്കെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോശം ചിത്രങ്ങൾ നിർമിക്കുന്നത് ഒരു കുറ്റമല്ല. എന്നാൽ, ഇത് വളരെ അപരിഷ്‌കൃതവും കുത്സിതവും ഹിംസനിറഞ്ഞതുമായ പ്രോപഗണ്ടാ ചിത്രമാണ്. കശ്മീർ വിഷയത്തെക്കുറിച്ച് തനിക്ക് പൂർണവിവരമില്ല. എന്നാൽ, ഈ ചിത്രത്തിന്റെ രണ്ടോ മൂന്നോ മിനിറ്റ് കണ്ടാൽ തന്നെ പ്രോപഗണ്ടയാണോയെന്ന് തിരിച്ചറിയാനാകുമെന്ന് നാസി പ്രൊപഗണ്ട സംവിധായിക ലെനി റീഫൻഷ്റ്റാലിന്റെ സിനിമകൾ ചൂണ്ടിക്കാട്ടി നാദവ് ലാപിഡ് വ്യക്തമാക്കി.
കശ്മീർ ഫയൽസും ഗോവ മേളയിലെ വിവാദവും
കശ്മീർ ഫയൽസ് ഉൾപ്പെടുത്താൻ പാടില്ലായിരുന്നുവെന്നായിരുന്നു ഗോവ ചലച്ചിത്ര മേളയുടെ സമാപനത്തിൽ നാദവ് ലാപിഡ് വ്യക്തമാക്കിയത്. മത്സരരംഗത്തുണ്ടായിരുന്ന 15ൽ 14 സിനിമകളും ജൂറി അംഗങ്ങൾ ആസ്വദിച്ചു. എന്നാൽ കശ്മീർ ഫയൽസ് കണ്ട് അസ്വസ്ഥരായെന്നും അദ്ദേഹം പറഞ്ഞു.
''രാജ്യാന്തര സിനിമാ വിഭാഗത്തിൽ 15 സിനിമകളാണ് ഉണ്ടായിരുന്നത്. അതിൽ 14 സിനിമകളും മികച്ച നിലവാരം പുലർത്തിയവയും ചലച്ചിത്രമൂല്യം നിറഞ്ഞതുമായിരുന്നു. എന്നാൽ 15-ാമത്തെ സിനിമ കണ്ടാണ് ഞങ്ങളെല്ലാവരും ഞെട്ടിയതും അസ്വസ്ഥരായതും ദി കശ്മീർ ഫയൽസ്. അത് പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള പ്രചാരണ (പ്രോപ്പഗൻഡ) സിനിമയായി തോന്നി. ഇത്തരത്തിൽ അഭിമാനകരമായ ഒരു ചലച്ചിത്രോത്സവത്തിൻറെ മത്സര വിഭാഗത്തിൽ അനുചിതമായ ഒരു അശ്ലീല സിനിമയായി തോന്നി. ഈ വേദിയിൽ ഇക്കാര്യം തുറന്നുപറയണമെന്ന് തോന്നി. വിമർശനങ്ങൾ സ്വീകരിക്കുക എന്നതു കലയിലും ജീവിതത്തിലും അത്യന്താപേക്ഷിതമാണ്''-നാദവ് ലാപിഡ് പറഞ്ഞു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ അടക്കം പങ്കെടുത്ത സമാപന ചടങ്ങിലാണ് ഇസ്രായേൽ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നാദവ് ലാപ്പിഡിന്റെ വിമർശനം. 1990കളിലെ കശ്മീർ പണ്ഡിറ്റുകളുടെ കൂട്ടപ്പലായനമാണ് കശ്മീർ ഫയൽസിന്റെ പ്രമേയം. വിവേക് അഗ്‌നിഹോത്രിയാണ് സിനിമ സംവിധാനം ചെയ്തത്. സംഘ്പരിവാർ വീക്ഷണകോണിലുള്ള സിനിമയാണിതെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. അനുപം ഖേർ, മിഥുൻ ചക്രബർത്തി, പല്ലവി ജോഷി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററുകളിൽ എത്തിയപ്പോൾ ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും നികുതി ഒഴിവാക്കിയിരുന്നു. ഗോവ ചലച്ചിത്ര മേളയിൽ ചിത്രം ഇന്ത്യൻ പനോരമയിലും രാജ്യാന്തര മത്സര വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയത്.
നാദവ് ലാപിഡന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നവോർ ഗിലോൺ രംഗത്തെത്തി. നിങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടു പോകും. അനുഭവിക്കേണ്ടത് താനും ടീമുമാണെന്നായിരുന്നു അംബാസിഡറുടെ പ്രതികരണം. താങ്കൾ കാണിച്ച ധീരതയുടെ ഫലമായി തങ്ങളുടെ ഇൻബോക്സുകളിൽ വരുന്ന സന്ദേശങ്ങൾ ഒന്നുകാണണമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. നാദവ് മാപ്പുപറയണമെന്നും ഇസ്രായേലിൽ വിമർശനം ഉന്നയിക്കാൻ എടുക്കുന്ന സ്വാതന്ത്ര്യം മറ്റുരാജ്യങ്ങളിൽ കാട്ടരുതെന്നും നാവോർ ഗിലോൺ ട്വിറ്ററിൽ കുറിച്ചു.
Summary: 'The Kashmir Files was included at IFFI due to 'political pressure', I didn't want to insult anyone, and my aim was never to insult people or their relatives, I totally apologize if that's the way they interpreted.', says Israeli director and IFFI Jury chief Nadav Lapid