തന്‍റെ തോളത്തു കയ്യിട്ട വിജയ്‍യുടെ കൈ എടുത്തുമാറ്റുന്ന പെണ്‍കുട്ടി; വൈറല്‍ ചിത്രത്തിന്‍റെ സത്യമിതാണ്

ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ വിജയ് വിദ്യാര്‍ഥിനിയുടെ തോളില്‍ കൈ വയ്ക്കുന്നതും പെണ്‍കുട്ടി താരത്തിന്‍റെ കൈ എടുത്തുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്

Update: 2024-07-01 06:28 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചെന്നൈ: മുന്‍വര്‍ഷങ്ങളെപ്പോലെ ഇത്തവണയും 10,12 ക്ലാസുകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ നടന്‍ വിജയ് ആദരിച്ചിരുന്നു. വെള്ളിയാഴ്ച ചെന്നൈയില്‍ വച്ചാണ് വിജയിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്‍റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് നടന്നത്. ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഉന്നത വിജയം നേടിയ ഒരു വിദ്യാര്‍ഥിനിയെ താരം പൊന്നാടയിട്ട് ആദരിച്ച ശേഷം ഫോട്ടോക്ക് പോസ് ചെയ്യുന്നതിനിടെയുണ്ടായ സംഭവമാണ് തെറ്റായ രീതിയില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ വിജയ് വിദ്യാര്‍ഥിനിയുടെ തോളില്‍ കൈ വയ്ക്കുന്നതും പെണ്‍കുട്ടി താരത്തിന്‍റെ കൈ എടുത്തുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്. പെണ്‍കുട്ടിയെ അഭിനന്ദിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്. മോന എന്ന എക്സ് അക്കൗണ്ടില്‍ നിന്നാണ് പ്രസ്തുത വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംഭവത്തിന്‍റെ മുഴുവന്‍ വീഡിയോ അപ്‍ലോഡ് ചെയ്യാതെ ആ ഭാഗം മാത്രം കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി. ചടങ്ങിന്‍റെ മുഴുവന്‍ വീഡിയോയും എക്സില്‍ പങ്കുവച്ചിട്ടുണ്ട്. തോളില്‍ നിന്നും വിജയ്‍യുടെ കൈ എടുത്തുമാറ്റുന്ന പെണ്‍കുട്ടി അദ്ദേഹത്തിന്‍റെ കൈ പിടിച്ച് താരത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ദൃശ്യത്തിലുള്ളത്. പിന്നീട് നടനോട് കുശലാന്വേഷണം നടത്തുന്നതും കാണാം.

വീഡിയോയുടെ ഒരു ഭാഗം മാത്രം അപ്‌ലോഡ് ചെയ്‌ത് സൂപ്പർസ്റ്റാറിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച ഉപയോക്താവിനെ വിമർശിച്ച് നെറ്റിസൺസ് രംഗത്തെത്തി. ''നിങ്ങള്‍ ഈ വീഡിയോ പകുതിയില്‍ വച്ച് മുറിച്ചതായി തോന്നുന്നു. മനഃപൂര്‍വം അല്ലെങ്കില്‍ അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമുള്ളത് ലഭിച്ചതായി തോന്നുന്നുണ്ടോ?"ഒരാള്‍ ചോദിച്ചു. ''മുഴുവന്‍ വീഡിയോ കാണിക്കാത്തതിനും യാഥാർത്ഥ്യത്തെ വളച്ചൊടിക്കാൻ ശ്രമിച്ചതിനും നിങ്ങൾക്കും ഹാറ്റ് ഓഫ്," മറ്റൊരാള്‍ പരിഹസിച്ചു.

"പരീക്ഷയിൽ വിജയിക്കാൻ കഴിയാത്തവർ, പ്രതീക്ഷിച്ച സ്കോറുകൾ നേടാൻ കഴിയാത്തവർ, വിജയം ഒരിക്കലും അവസാനിക്കുന്നില്ല, പരാജയം ഒരിക്കലും അന്തിമമല്ലെന്ന് മനസ്സിലാക്കണം." ചടങ്ങില്‍ വിജയ് വിദ്യാര്‍ഥികളോട് പറഞ്ഞു. മികച്ച ഡോക്ടർമാർ, എൻജിനിയർമാർ, അഭിഭാഷകർ എന്നിവർ മാത്രമല്ല നല്ല നേതാക്കളെയും ഇപ്പോൾ തമിഴ്നാടിന് ആവശ്യമുണ്ടെന്നും താരം അഭിപ്രായപ്പെട്ടു.രാഷ്ട്രീയത്തിൽ മാത്രമല്ല തമിഴ്‌നാട്ടിൽ പല മേഖലയിലും നല്ലനേതാക്കൾ ഇല്ല. നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കുകയും നിരീക്ഷിക്കുകയും വേണം. അപ്പോഴാണ് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാവുക. അതു മനസ്സിലാക്കിവേണം പുതിയതലമുറ മുന്നോട്ടുപോകാൻ. സാമൂഹിക മാധ്യമങ്ങളിൽവരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുത്. ചില രാഷ്ട്രീയപ്പാർട്ടികളുടെ തെറ്റായ പ്രചാരണങ്ങൾ തിരിച്ചറിയണം. ശരിതെറ്റുകൾ മനസ്സിലാക്കിവേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ -വിജയ് പറഞ്ഞു. ഭാവിയിൽ രാഷ്ട്രീയം എന്തുകൊണ്ട് ജോലിയായി തിരഞ്ഞെടുത്തുകൂടാ എന്നും വിജയ് ചോദിച്ചു.

യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്നിന്‍റെ ഉപയോഗം വര്‍ധിക്കുന്നതിനെക്കുറിച്ചും വിജയ് പരാമര്‍ശിച്ചു. താത്കാലിക സുഖങ്ങളോടും ലഹരിയോടും അടുക്കില്ലെന്ന് കുട്ടികളെക്കൊണ്ട് വിജയ് പ്രതിജ്ഞയെടുപ്പിച്ചു.ചടങ്ങിനെത്തിയ വിജയ് വേദിയിൽ കയറിയിരിക്കാതെ സദസ്സിലേക്കിറങ്ങി കുട്ടികൾക്കൊപ്പമാണ് ആദ്യം ഇരുന്നത്. തുടർന്ന് പ്രസംഗത്തിനായി വേദിയിലേക്ക് കയറിയപ്പോൾ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ തമിഴക വെട്രി കഴകം പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നത്. വെങ്കട്ട് പ്രഭു സംവിധാനംചെയ്യുന്ന ‘ദ ഗോട്ട്’ എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിക്കുന്നത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News