രണ്ട് കോടിയുടെ വാച്ച്; വിവാഹത്തിനെത്തിയ താരങ്ങളെ 'ഞെട്ടിച്ച്' അംബാനി കുടുംബം
സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചത്.
മുംബൈ: കോടികൾ മുടക്കിയ വിവാഹത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്കും വിലപിടിച്ച സമ്മാനം നല്‍കി വരൻ അനന്ത് അംബാനി. സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദ് അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനിച്ചത്.
ഷാറുഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ് ലിമിറ്റഡ് എഡിഷനായ ഈ വാച്ച് ആനന്ദ് നല്‍കിയത്.
വാച്ച് സമ്മാനമായി ലഭിച്ചവരെല്ലാം ചേർന്നെടത്ത ഒറു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. പിങ്ക് ഗോള്‍ഡ് നിറമുള്ള വാച്ചിന് ഇരുണ്ട നീല നിറത്തിലുള്ള സബ് ഡയല്‍സാണുള്ളത്. വര്‍ഷങ്ങളോളും ഉപയോഗിക്കാവുന്ന ഒരു കലണ്ടറും ഇതിനുള്ളിലുണ്ട്. 40 മണിക്കൂറോളം പവര്‍ റിസേര്‍വുള്ള വാച്ചിനൊപ്പം 18കെ പിങ്ക് ഗോള്‍ഡ് ബ്രെയ്‌സ്‌ലെറ്റും ഫോള്‍ഡിങ് ബക്ക്‌ളും നീല നിറത്തിലുള്ള ഒരു എക്‌സ്ട്രാ സ്ട്രാപ്പുമുണ്ട്.
രണ്ട് കോടി വിലവരുന്ന 25 വാച്ചുകളാണ് സുഹൃത്തുക്കൾക്കായി ആനന്ദ് നൽകിയതെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം വിലപിടിപ്പുള്ള വാച്ചുകളുടെ ശേഖരം തന്നെയുണ്ട് അനന്ത് അംബാനിക്ക്. ആഡംബര വാച്ച് കമ്പനിയായ റിച്ചാർഡ് മില്ലിന്റെ 55 കോടി വില വരുന്ന വാച്ചാണ് അനന്ത് വിവാഹത്തിന് അണിഞ്ഞത്. ലോകമെമ്പാടുമായി എട്ട് പേർക്ക് മാത്രമാണ് ഈ വാച്ച് ഉള്ളത്. ഡയമണ്ട് ഉൾപ്പെടെയുള്ളവ അടങ്ങിയിരിക്കുന്ന വാച്ച് ഒരു ബഹിരാകാശ യാത്രികൻ സ്പേസ് സ്യൂട്ടിൽ നിൽക്കുന്ന രീതിയിലാണ് ഈ വാച്ചിന്‍റെ ഡയൽ സെറ്റ് ചെയ്തിരിക്കുന്നത്.
ബോളിവുഡിലെ മുന്‍നിര താരങ്ങളായ ഷാറുഖ് ഖാനും അമിതാഭ് ബച്ചനും സല്‍മാന്‍ ഖാനുമെല്ലാം കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. തമിഴില്‍ നിന്നും സൂര്യ, നയൻതാര, അറ്റ്‍ലി എന്നിവരും മലയാളത്തിൽ നിന്നും പൃഥ്വിരാജും സുപ്രിയയും അതിഥികളായി എത്തി. മൂന്ന് ദിവസത്തെ ചടങ്ങുകളോടെയാണ് വിവാഹാഘോഷം ഒരുക്കിയത്. വെള്ളിയാഴ്ച്ച വിവാഹിതരായ ആനന്ദിന്റേയും രാധികയുടേയും ശുഭ് ആശിര്‍വാദ് ചടങ്ങ് നടന്നത് ശനിയാഴ്ച്ചയായിരുന്നു. ഞായറാഴ്ച്ച റിസപ്ഷനായ മംഗള്‍ ഉത്സവും നടന്നു.
മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹചടങ്ങുകള്‍. പതിനാറായിരത്തോളം അതിഥികളെ ഉള്‍ക്കൊള്ളുന്ന ഈ വേദിയില്‍ സിനിമ, രാഷ്ട്രീയ, ബിസിനസ് രംഗത്തെ നിരവധി പേരാണ് ഒരുമിച്ചു കൂടിയത്.