'അന്ന് പറഞ്ഞത് രശ്മികയെ ഉദ്ദേശിച്ചല്ല'; വിവാദത്തിൽ വിശദീകരണവുമായി റിഷഭ് ഷെട്ടി
വലിയൊരു ഹിറ്റ് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ശേഷം മറ്റു ഭാഷകളിലേക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു റിഷഭ് ഷെട്ടി പറഞ്ഞത്
ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക ജൂറി പുരസ്കാരം നേടിയ ചിത്രമാണ് കാന്താര. പുരസ്കാരം നേടിയതിന് പിന്നാലെ ചിത്രം വിവാദത്തിലും ഇടം പിടിച്ചിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം ചിത്രത്തിന്‍റെ സംവിധായകനും നായകനുമായ റിഷഭ് ഷെട്ടി നടത്തിയ പരാമർശമാണ് വിവാദത്തിന് തിരിതെളിച്ചത്. ഇപ്പോഴിതാ വിമർശനങ്ങള്‍ക്ക് വഴിയൊരുക്കിയ പരാമർശത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
വലിയൊരു ഹിറ്റ് ഇൻഡസ്ട്രിയിൽ ഉണ്ടാക്കിയ ശേഷം മറ്റു ഭാഷകളിലേക്ക് ചേക്കേറുന്നത് ശരിയായ പ്രവണതയല്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നുമായിരുന്നു താരം പറഞ്ഞത്. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായായിരുന്നു താരത്തിന്‍റെ പ്രതികരണം. ഇതിന് പിന്നാലെ താരം നടി രശ്മിക മന്ദാനക്കെതിരെ പരോക്ഷ വിമർശനം നടത്തിയതാണെന്ന് ആരോപിച്ച് ചിലർ രംഗത്തുവന്നു. ഇതിനിടെ ഒരു ആരാധകൻ താരത്തെ അനുകൂലിച്ച് സമുഹമാധ്യമങ്ങളിൽ രംഗത്തുവന്നിരുന്നു. താരം പറഞ്ഞതിൽ അസ്വഭാവികത ഇല്ലെന്നായിരുന്നു ആരാധകൻ പറഞ്ഞത്. ആരാധകന്‍റെ പ്രതികരണം പിന്നീട് റിഷഭ് തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഒരാള്‍ക്കെങ്കിലും താൻ എന്താണ് പറഞ്ഞതെന്ന് മനസിലായല്ലോ എന്നാണ് താരം കുറിച്ചത്.
ഹിന്ദി സിനിമയിൽ നിന്ന് അവസരങ്ങള്‍ വന്നിരുന്നോ എന്നാണ് താരം നേരിട്ട ചോദ്യം. കാന്താരയുടെ വിജയത്തിന് ശേഷം ഹിന്ദിയിൽ നിന്ന് മാത്രമല്ല, മറ്റു ഭാഷകളിൽ നിന്നും അവസരം വന്നിരുന്നെന്നും എന്നാൽ കന്നഡ വ്യവസായം വിട്ട് പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം പറഞ്ഞു. ഒരു ഹിറ്റ് നൽകിയതിന് ശേഷം കന്നഡ വിട്ടുപോകാമെന്ന് ആരും കരുതരുതെന്നും താരം പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
2016 ൽ റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറുക്ക് പാർട്ടി എന്ന ചിത്രത്തിലൂടെയാണ് രശ്മിക സിനിമയിലേക്കെത്തുന്നത്. എന്നാൽ പ്രശസ്തയായതിന് ശേഷം താരത്തിന്‍റെ സാന്നിധ്യം കന്നഡ സിനിമയിൽ കാണാതായി. ആദ്യ ചിത്രത്തിന്‍റെ നിർമാണ കമ്പനിയുടെ പേര് പറയാൻ താരം വിസമ്മതിച്ചതും വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് ശേഷം നിർമാണ കമ്പനിയെ കാണിക്കാൻ രശ്മിക കാണിച്ച ആംഗ്യത്തിനെതിരെ റിഷഭ് ഷെട്ടി രംഗത്തുവന്നിരുന്നു.