അടുത്തറിഞ്ഞാല്‍ ലുക്കാക്കുവിനോട് ആരാധന കൂടും
തടിച്ചുരുണ്ട പ്രകൃതമാണയാള്‍ക്ക്, ഒരു സ്‌ട്രൈക്കറാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. 24 വയസ്സേയുള്ളൂവെന്ന് പറഞ്ഞാലും. ദാരിദ്ര്യത്തിന്റെയും അവഗണനകളുടെയും വഴികളിലൂടെയാണ് ലുക്കാക്കു ഉയരങ്ങളിലെത്തിയത്
റൊമേലു ലുക്കാക്കുവെന്ന ബെല്‍ജിയം സ്‌ട്രൈക്കറായിരുന്നു ലോകകപ്പിലെ ഇന്നലത്തെ ഹീറോ. ഇരട്ടഗോളടിച്ച് ബെല്‍ജിയത്തിന് തകര്‍പ്പന്‍ ജയമൊരുക്കിയ ലുക്കാക്കുവിനെ അടുത്തറിഞ്ഞാല്‍ ഇനിയും ആരാധന കൂടും. ദാരിദ്ര്യത്തിന്റെയും കടുത്ത അവഗണനകളുടെയും കനല്‍വഴികള്‍ കടന്നാണ് ലുക്കാക്കു ഉയരങ്ങള്‍ കീഴടക്കിയത്.
തടിച്ചുരുണ്ട പ്രകൃതമാണയാള്‍ക്ക്, ഒരു സ്‌ട്രൈക്കറാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. ഇരുപത്തിനാല് വയസ്സേയുള്ളൂവെന്ന് പറഞ്ഞാലും. പാലില്‍ വെള്ളമൊഴിച്ച് കുടിച്ച് വിശപ്പ് മാറ്റിയിരുന്നൊരു കുട്ടിക്കാലമുണ്ടായിരുന്നത്രെ റൊമേലു ലുക്കാക്കുവിന്. വീട്ടില്‍ ഓടിനടക്കുന്ന എലികളാണ് തന്നെയിത്രയും ചൂടനാക്കിയതെന്ന് ലുക്കാക്കു പറയും.
98 ല്‍ ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ നെടുംതൂണായിരുന്ന തിയറി ഒാന്‍ട്രിയാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ലുക്കാക്കു പറയുന്നത് പണമില്ലാഞ്ഞതിനാല്‍ ഒാന്‍ട്രിയുടെ കളിയൊന്നും ടി.വിയില്‍ കാണാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നാണ്. തടിയും കറുപ്പും കാരണം നേരിട്ട അവഗണനകളുടെ കഥകള്‍ പറയുമ്പോഴും ലുക്കാക്കു വാചാലനാകും. ചെറുപ്പം മുതല്‍ തുടങ്ങിയതാണ് മൈതാനത്തെ അവഗണന. ഇംഗ്ലണ്ടില്‍ പോയപ്പോഴും മാറ്റമൊന്നുമുണ്ടായില്ല.
'താന്‍ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴും എന്റെ രാജ്യത്തുണ്ട്, പക്ഷെ കാര്യമാക്കുന്നില്ല. നിങ്ങളെന്തൊക്കെ പറഞ്ഞാലും ബെല്‍ജിയം കണ്ട എക്കാലത്തേയും മികച്ച ഫുട്‌ബോളര്‍ എന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാന്‍ കളി തുടരും. അതാണെന്റെ ലക്ഷ്യം' ലുക്കാക്കു പറയുന്നു.