ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കി ബ്രസീല്‍ ഇന്നിറങ്ങുന്നു; എതിരാളി മെക്സിക്കോ
ഇന്ത്യന്‍ സമയം രാത്രി 7.30ന് സമാറ അറീന സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീല്‍ ടീമില്‍ മാഴ്സലോ ആദ്യ ഇലവനില്‍ കളിക്കില്ല.
ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ഇന്ന് മെക്സിക്കോയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.30ന് സമാറ അറീന സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീല്‍ ടീമില്‍ മാഴ്സലോ ആദ്യ ഇലവനില്‍ കളിക്കില്ല.ഗ്രൂപ്പ് മത്സരങ്ങള്‍ അനായാസം മറികടന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ സമാറ അറീനയില്‍ എത്തുന്നത്. ഫിലിപ്പ് കുടീന്യോ നയിക്കുന്ന മധ്യനിര മികച്ച ഫോമിലാണ്.
പക്ഷെ മുന്നേറ്റ നിരയിലാണ് ബ്രസീലിന്‍റെ ആധി. സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജിസൂസ് ഇതുവരെ റഷ്യയില്‍ അക്കൌണ്ട് തുറന്നിട്ടില്ല. നെയ്മര്‍ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്നുണ്ടെങ്കിലും ഗോളവസരങ്ങള്‍ പഴാക്കുന്നു. എങ്കിലും കെട്ടുറപ്പില്ലാത്ത മെക്സിക്കന്‍ പ്രതിരോധത്തിലെ വിള്ളലുകള്‍ മുതലെടുത്ത് മുന്നേറ്റനിര ഫോമിലേക്കെത്തുമെന്നാണ് കോച്ച് ടിറ്റെയുടെ പ്രതീക്ഷ. കളിച്ച മൂന്ന് കളികളിലും പ്രതിരോധവും പ്രതീക്ഷക്കൊത്തുയര്‍ന്നിട്ടുണ്ട്.
മികച്ച ആക്രമണ നിരയാണ് മെക്സിക്കോക്കുള്ളത്. വേഗതയേറിയ പ്രത്യാക്രമണങ്ങള്‍ക്ക് മുന്നില്‍ ബ്രസീല്‍ പ്രതിരോധം പരീക്ഷിക്കപ്പെടുമെന്നുറപ്പ്. പരിക്കേറ്റ മാഴ്സലോ ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകില്ല. പകരം ഇറങ്ങുന്ന ഫിലിപ്പ് ലൂയീസ് പ്രതിരോധത്തിന് കൂടുതല്‍ കരുത്ത് പകരും. എതിരാളികളെ ഭയക്കാതെ സ്വതസിദ്ധമായ ഫുട്ബോള്‍ കളിക്കുന്നവരാണ് മെക്സിക്കോ. വേഗതയുള്ള ആക്രമണമാണ് അവരുടെ ആയുധം. അതിന് മുന്നിലാണ് ചാമ്പ്യന്‍മാരായ ജര്‍മനി തകര്‍ന്ന് പോയത്. ബ്രസീലിനെതിരെ അക്രമിച്ച് കളിക്കാന്‍ തന്നെയാണ് പദ്ധതിയെന്ന് പരിശീലകന്‍ ഓസാരിയെ വ്യക്തമാക്കുന്നു.
പക്ഷെ അക്രമിക്കുമ്പോള്‍ പ്രതിരോധം മറക്കുന്നവരാണ് അവര്‍. സ്വീഡനെതിരായ മൂന്ന് ഗോള്‍ തോല്‍വി അതിന്‍റെ തെളിവാണ്. നെയ്മറും കുട്ടീന്യോയും നയിക്കുന്ന ബ്രസീല്‍ മുന്നറ്റത്തെ തടയാന്‍ പ്രതിരോധം ജാഗ്രത പാലിച്ചില്ലെങ്കില്‍ ലോകകപ്പിന്‍റെ രണ്ടാം റൌണ്ടില്‍ തോല്‍ക്കുന്ന മെക്സിക്കന്‍ പതിവിന് മാറ്റമുണ്ടാകില്ല. മുഖ്യ പ്രതിരോധ താരം ഹെക്ടര്‍ മൊറേനോ സസ്പെന്‍ഷനിലായതും ടീമിന് തിരിച്ചടിയാണ്. എന്തായാലും, ഏറ്റവും മികച്ച ആക്രമണ ഫുട്ബോളിന് തന്നെയയിരിക്കും സമാറ അറീന സാക്ഷ്യം വഹിക്കുക.