ബെല്‍ജിയത്തെ കണ്ണീരുകുടിപ്പിച്ച അര്‍ജന്റീന...

ഈ ലോകകപ്പിന് മുമ്പ് ബെല്‍ജിയം ഒരു തവണ മാത്രമാണ് ലോകകപ്പിന്റെ സെമി ഫൈനല്‍ കണ്ടത്. 1986ലെ മെക്സിക്കന്‍ ലോകകപ്പിലായിരുന്നു അത്. മറഡോണയെന്ന പ്രതിഭാസത്തിന് മുന്നിലായിരുന്നു അന്ന് ബെല്‍ജിയം തകര്‍ന്നത് 

Update: 2018-07-09 03:52 GMT
Advertising

ഈ ലോകകപ്പിന് മുമ്പ് ബെല്‍ജിയം ഒരു തവണ മാത്രമാണ് ലോകകപ്പിന്റെ സെമി ഫൈനല്‍ കണ്ടത്. 1986ലെ മെക്സിക്കന്‍ ലോകകപ്പിലായിരുന്നു അത്. മറഡോണയെന്ന പ്രതിഭാസത്തിന് മുന്നിലായിരുന്നു അന്ന് ബെല്‍ജിയം തകര്‍ന്നത്. 86 ന് ശേഷം ലോകകപ്പിലെ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനം കഴിഞ്ഞ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പ്രവേശനമായിരുന്നു. അവിടെയും വഴി മുടക്കിയായത് അര്‍ജന്റീന തന്നെ.

ലോകകപ്പ് ഫുട്ബോളില്‍ എല്ലാ കാലത്തും രണ്ടാം നിരക്കാരുടെ സ്ഥാനമായിരുന്നു ബെല്‍ജിയത്തിന്. 1930ലെ ആദ്യ ലോകകപ്പ് മുതല്‍ ബെല്‍ജിയം മത്സര രംഗത്തുണ്ടെങ്കിലും രണ്ട് തവണ മാത്രമാണ് അവസാന നാലിലേക്ക് ബെല്‍ജിയത്തിന് കടക്കാനായത്. ഒന്ന് ഈ ലോകകപ്പിലും മറ്റൊന്ന് 1986ലെ മെക്സിക്കന്‍ ലോകകപ്പിലും. 86 ലോകകപ്പ് സെമിയില്‍‍ ബെല്‍ജിയം എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീനയോട് തോറ്റു. മറഡോണ അര്‍ജന്റീന ജഴ്സിയില്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അന്ന് ബെല്‍ജിയത്തിന്റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയത്.

പിന്നീട് ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത് 2014ല്‍ ബ്രസീലിലായിരുന്നു. കറുത്ത കുതിരകളെന്ന വിശേഷണവുമായി ക്വാര്‍ട്ടര്‍ വരെ എത്തിയ ബെല്‍ജിയം വീണ്ടും അര്‍ജന്റീനക്ക് മുന്നില്‍ വീണു. ഗോണ്‍സാലോ ഹിഗ്വയ്‍ന്‍ നേടിയ ഒറ്റഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. 2014ല്‍ ബെല്‍ജിയത്തിന് വേണ്ടി കളിച്ച ഭൂരിഭാഗം താരങ്ങളും ഇത്തവണ ടീമിലുണ്ട്. അന്ന് വലിയ മത്സര പരിചയമില്ലാത്ത യുവ താരങ്ങളായിരുന്നു അവരെങ്കില്‍ ഇന്ന് മത്സര പരിചയം കൊണ്ടും പ്രതിഭ കൊണ്ടും മുന്നിലാണ് ബെല്‍ജിയം. ഒപ്പം ബെല്‍ജിയത്തിന്റെ ചരിത്രത്തിലെ ഏറ്റവും ആധികാരികമായ പ്രകടനത്തോടെയാണ് ടീം സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ഈ ഘടകങ്ങളെല്ലാം, കന്നി ഫൈനലിനോ കന്നി കിരീടത്തിനോ ഉള്ള ബെല്‍ജിയത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

Tags:    

Similar News