മെസിയെ തളച്ചതു പോലെ കെയ്‍നിനും പൂട്ടിടുമെന്ന് ക്രൊയേഷ്യന്‍ കോച്ച്
ലയണല്‍ മെസിയെ തടഞ്ഞത് പോലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നെയും തടയാന്‍ കഴിയുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ സാല്‍കോ ഡാലിച്ച്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ടീം പൂര്‍ണ്ണ സജ്ജരാണെന്നും
ലയണല്‍ മെസിയെ തടഞ്ഞത് പോലെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്നെയും തടയാന്‍ കഴിയുമെന്ന് ക്രൊയേഷ്യന്‍ പരിശീലകന്‍ സാല്‍കോ ഡാലിച്ച്. സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ടീം പൂര്‍ണ്ണ സജ്ജരാണെന്നും എതിരാളി എന്ന നിലയില്‍ ഇംഗ്ലണ്ടിനെ ബഹുമാനിക്കുന്നുണ്ടെങ്കിലും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യക്കെതിരായ പെനാല്‍റ്റി ഷൂട്ടൌട്ട് വിജയത്തിന് ശേഷം വര്‍ധിച്ച ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യയും പരിശീലകന്‍ ഡെലിച്ചും. ഈ ലോകകപ്പില്‍ ക്രൊയേഷ്യയുടെ പ്രകടനം പ്രതീക്ഷകള്‍ക്കും അപ്പുറത്തുള്ളതായിരുന്നു. ബ്രസീല്‍, ജര്‍മനി, സ്പെയിന്‍, അര്‍ജന്റീന തുടങ്ങിയ ടീമുകള്‍ക്ക് കാലിടറിയ ടൂര്‍ണ്ണമെന്റില്‍ ക്രൊയേഷ്യയുടെ സെമി പ്രവേശം തന്നെ വലിയ നേട്ടമാണെന്ന് ഡെലിച്ച് പറയുന്നു. ഒന്നും നഷ്ടപ്പെടാനില്ലെന്നും അതിനാല്‍ ഒരു എതിരാളിയെയും ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ രണ്ട് നോക്കൌട്ട് മത്സരങ്ങളിലും 120 മിനുട്ട് വീതം കളിച്ചതിന്റെ ക്ഷീണം താരങ്ങളില്‍ പ്രകടമാണ്. എങ്കിലും ഹാരി കെയ്‍ന്‍, റഹീം സ്റ്റെര്‍ലിങ് പോലുള്ള താരങ്ങളെ തടയാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലിലാണ് ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടുന്നത്. രാത്രി 11.30 നായിരിക്കും മത്സരം. ലോകകപ്പില്‍ ആദ്യമായാണ് ഇരു ടീമുകളും തമ്മില്‍ ഏറ്റുമുട്ടുന്നത്.