ബ്ലാസ്റ്റേഴ്‌സിന് തോല്‍വി തന്നെ; ജിറോണ ജേതാക്കള്‍
ലാ ലിഗ വേള്‍ഡ് ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിലും തോല്‍വി തന്നെ.
തോല്‍ക്കുമെന്നറിഞ്ഞിട്ടും ഒരു ഗോളെങ്കിലും നേടുമെന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രാര്‍ത്ഥനകള്‍ വിഫലം. ലാ ലിഗ വേള്‍ഡ് ഫുട്‌ബോളിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരത്തിലും തോല്‍വി തന്നെ. ജിറോണ എഫ്‌സി എതിരില്ലാത്ത അഞ്ചു ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ നിക്ഷേപിച്ചത്. എന്നാല്‍ 'അഭിമാനിക്കാം'. ആദ്യ മത്സരത്തിലെ അപേക്ഷിച്ച് തോല്‍വിയുടെ ഭാരം കുറച്ചതില്‍.
ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണെങ്കില്‍ ജിറോണക്ക് അഞ്ചണ്ണമെ എത്തിക്കാനായുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ജിറോണ ജേതാക്കളായി. ആദ്യ മത്സരത്തില്‍ മെല്‍ബണിനെ എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് തോല്‍പിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിനെതിരെ ജിറോണക്കായി എറിക് മോന്റസ്(43ാം മിനുറ്റ്) പെഡ്രോ പോറോ(54) അലക്‌സ് ഗ്രാനെല്‍(57), ബെനിറ്റസ കരാബലോ(73) അലക്‌സ് ഗാര്‍സിയ(90) എന്നിവര്‍ ഗോള്‍ നേടി. 43ാം മിനുറ്റുവരെ ജിറോണയെ ബ്ലാസ്റ്റേഴ്‌സ് പൂട്ടി. ചിലതില്‍ ഭാഗ്യവും കൂട്ടിനെത്തി.
എന്നാല്‍ അതെല്ലാം മോന്റസിന്റെ ഗോളിലൂടെ പൊളിഞ്ഞു. രണ്ടാം പകുതിയില്‍ ജിറോണ അനായാസം വലകുലുക്കുന്നതാണ് കണ്ടത്.അതിനിടെ 60ാം മിനുറ്റില്‍ കറേജ് പെകൂസണിന്റെ ഒരു ഫ്രീകിക്ക് ജിറോണ ഗോളി തടുത്തിട്ടാണ് ബ്ലാസ്റ്റേഴ്‌സിന്റെ എടുത്തുപറയാവുന്ന നേട്ടം. അവസാന മിനുറ്റില്‍ പെനല്‍റ്റിയിലൂടെ ഗ്രാസിയ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി.