ശരവേഗത്തില്‍ ബോള്‍ട്ടിന്റെ ഫുട്ബോള്‍ കളി; അരങ്ങേറ്റ മത്സരം കാണാം
പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റത്തിനായി ഇറങ്ങിയ ബോള്‍ട്ട്, മുന്നേറ്റക്കാരന്റെ റോളില്‍ ശരവേഗത്തിലാണ് പന്തിലേക്ക് ഓടിയെത്തിയത്.
പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റം കുറിച്ച് ട്രാക്കിലെ വേഗക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്. ആസ്ട്രേലിയയില്‍ നടന്ന പ്രീ സീസണ്‍ സൌഹൃദ മത്സരത്തിലാണ് ബോള്‍ട്ട് കാല്‍പ്പന്ത് കളിക്കായി ബൂട്ടണിഞ്ഞത്. പ്രൊഫഷണല്‍ ഫുട്ബോളില്‍ അരങ്ങേറ്റത്തിനായി ഇറങ്ങിയ ബോള്‍ട്ട്, മുന്നേറ്റക്കാരന്റെ റോളില്‍ ശരവേഗത്തിലാണ് പന്തിലേക്ക് ഓടിയെത്തിയത്.
ആസ്ട്രേലിയന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറൈനേഴ്‍സിന് വേണ്ടിയാണ് ബോള്‍ട്ട് ബൂട്ടുകെട്ടിയത്. 12,000 ഓളം കാണികളാണ് ബോള്‍ട്ടിന്റെ ഫുട്ബോള്‍ അരങ്ങേറ്റം കാണാന്‍ എത്തിയത്. 70 മിനിറ്റ് കഴിഞ്ഞിട്ടും ബോള്‍ട്ടിനെ കാണാതായതോടെ കാണികള്‍ ഒന്നടങ്കം 'വീ വാണ്ട് ബോള്‍ട്ട്' വിളികളുമായി ആര്‍ത്തലച്ചു തുടങ്ങി. 71 ാം മിനിറ്റില്‍ ആ ചരിത്ര നിമിഷം പിറന്നു. പകരക്കാരനായി ബോള്‍ട്ട് കളത്തിലേക്ക്. അതും ട്രാക്കിലെ വേഗ റെക്കോര്‍ഡായ 9.58 സെക്കന്റിനെ അനുസ്മരിപ്പിക്കുന്ന 95ാം നമ്പര്‍ ജേഴ്‍സിയുമണിഞ്ഞ്. ആറു ഗോളടിച്ച് വിജയം ഉറപ്പിച്ചു ആഘോഷത്തിമിര്‍പ്പില്‍ അമര്‍ന്നിരിക്കെയാണ് മറൈനേഴ്‍സിന്റെ പടക്കുതിരയായി ബോള്‍ട്ട് കളത്തിലേക്ക് എത്തിയത്. ഇടതു വിംഗിള്‍ കളിച്ച ബോള്‍ട്ട്, കന്നിയങ്കത്തില്‍ തന്നെ മികച്ച ഏതാനും മുന്നേറ്റങ്ങളും നടത്തി. ഏതായാലും കന്നി മത്സരത്തില്‍ തന്നെ ടീമിന്റെ വിജയത്തില്‍ ഭാഗമാകാനും ബോള്‍ട്ടിന് കഴിഞ്ഞു.