സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സ് സഹഉടമസ്ഥാനം ഒഴിഞ്ഞു, ലുലു ഗ്രൂപ്പ് വാങ്ങും?
ബ്ലാസ്റ്റേഴ്‌സ് അതിന്റെ യാത്രയില്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നതിനാല്‍ സഹ ഉടമസ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച സച്ചിന്‍, എന്നും ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയത്തിലുണ്ടാകുമെന്നും പറഞ്ഞു.
സച്ചിന്‍ ടെന്‍ഡുല്‍ക്കല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സഹഉടമസ്ഥാനം ഒഴിഞ്ഞു. ഇക്കാര്യം സച്ചിന്‍ ഔദ്യോഗികമായ സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്‌സ് അതിന്റെ യാത്രയില്‍ പുതിയ വഴിത്തിരിവിലെത്തി നില്‍ക്കുന്നതിനാല്‍ സഹ ഉടമസ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച സച്ചിന്‍, എന്നും ബ്ലാസ്റ്റേഴ്‌സ് തന്റെ ഹൃദയത്തിലുണ്ടാകുമെന്നും പറഞ്ഞു.
സച്ചിന്റെ കൈവശമുണ്ടായിരുന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ 20 ശതമാനം ഓഹരികള്‍ ടീം ഉടമകളിലൊരാളായ നിമ്മഗഡ പ്രസാദിനാണ് കൈമാറിയിരിക്കുന്നതെന്നാണ് സൂചന. അതേസമയം ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വാങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഗോള്‍ ഡോട്ട് കോമാണ് ലുലു ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സിന്റെ അമരത്തെത്തുമെന്ന് റിപ്പോര്‍ട്ടു ചെയ്തത്. അതേസമയം ഇക്കാര്യം ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹൈദരബാദില്‍ നിന്നുള്ള നിമ്മഗഡ പ്രസാദ്, സിനിമാ താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അര്‍ജ്ജുന്‍ എന്നിവരടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ 80 ശതമാനം ഓഹരികളുമുള്ളത്. 2015ല്‍ സച്ചിനും പി.വി.പി ഗ്രൂപ്പും ചേര്‍ന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വാങ്ങുന്നത്. ആദ്യ രണ്ട് സീസണുകളില്‍ പി.വി.പി ഗ്രൂപ്പും സച്ചിനുമായിരുന്നു ടീമിന്റെ സംയുക്ത ഉടമകള്‍.
സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് സെബി 30 കോടി പിഴ ചുമത്തിയതോടെ പി.വി.പി ഗ്രൂപ്പ് ബ്ലാസ്റ്റേഴ്‌സ് ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. കഴിഞ്ഞ സീസണില്‍ സച്ചിന്‍ മാത്രമായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ഉടമ. പിന്നീടാണ് ചിരഞ്ജീവിയും നാഗാര്‍ജ്ജുനയും അടങ്ങുന്നവര്‍ ബ്ലാസ്റ്റേഴ്‌സ് ഉടമകളായി എത്തുന്നത്.