ഡോ. സദറെ ആലം അടുത്ത ജിദ്ദ ഇന്ത്യന്‍ കോണ്‍സലായെത്തുന്നു
ജനീവ ഇന്ത്യൻ കോൺസുലേറ്റിലെ ഫസ്റ്റ്സെക്രട്ടറിയാണ് നിലവില്‍ ഡോ. സദറെ ആലം
അടുത്ത ജിദ്ദ ഇന്ത്യൻ കോൺസൽ ജനറലായി 2009 ഐ.എഫ്.എസ് ബാച്ചുകാരനായ ഡോ. സദറെ ആലം നിയമിതനാവും. ബീഹാർ സ്വദേശിയാണ്. ജനീവ ഇന്ത്യൻ കോൺസുലേറ്റിലെ ഫസ്റ്റ്സെക്രട്ടറിയാണ് നിലവിൽ അദ്ദേഹം. ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖിന് പകരക്കാരനായാണ് സദ്റെ ആലം നിയമിതനാവുന്നത്.
നൂർ റഹ്മാൻ ശൈഖ് നാല് വർഷം പൂർത്തിയാക്കി ന്യൂ ഡൽഹിയിൽ വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തേക്ക് തിരിക്കും. നേരത്തെ ഇന്ത്യൻ ഹജ്ജ് കോൺസലായിരുന്ന മുഹമ്മദ് നൂർ റഹ്മാൻ ശെഖ് 2016-ലാണ് കോൺസൽ ജനറലായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലേക്ക് തിരിച്ചെത്തിയത്. അതേ സമയം പുതിയ കോൺസൽ ജനറൽ സംബന്ധിച്ച് തീരുമാനം വന്നെങ്കിലും പ്രാബല്യത്തിലാവാൻ വൈകുമെന്നാണ് സൂചന.
അതിനിടെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ആദ്യത്തെ വനിത കോൺസലായി മലയാളിയായ ഹംന മറിയം ഡിസംബർ അഞ്ചിന് ചുമതലയേൽക്കും. കോഴിക്കോട്ടെ ശിശുരോഗവിദഗ്ധൻ ഡോ. ടി.പി. അഷ്റഫിന്റേയും കോഴിക്കോട് മെഡി. കോളജിലെ ഫിസിയോളജിസ്റ്റ് ഡോ.പി.വി ജൗഹറയുടെയും മകളാണ്. 2017 ഐഎഫ്എസ് ബാച്ചുകാരിയാണ് ഹംന. പാരിസ് ഇന്ത്യൻ എംബസിയിലെ സേവനം കഴിഞ്ഞാണ് ഹംന ജിദ്ദയിലേക്ക് വരുന്നത്. തെലങ്കാന കേഡറിലെ അബ്ദുൽ മുസമ്മിൽ ഖാൻ ഐഎസ്സിന്റെ ഭാര്യയാണ് ഹംന.