ദുബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലേറെ തടസപ്പെട്ടു
വിമാനത്താവള പ്രദേശത്ത് അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂറിലേറെ നേരം തടസപ്പെട്ടു. വിമാനത്താവള പ്രദേശത്ത് അജ്ഞാത ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്.
കാലത്ത് 11.36 ഓടെയാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തായി ആകാശത്ത് ആളില്ലാപേടകം പ്രത്യക്ഷപ്പെട്ടത്. പ്രദേശത്ത് ഡ്രോണ്‍ പറത്തുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കെ, സംഭവം വലിയ സുരക്ഷാ ഭീഷണിയായി മാറുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിന് മുന്നോടിയായി അധികൃതര്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു. ഈ സമയത്ത് ദുബൈയില്‍ ഇറങ്ങേണ്ട എല്ലാ വിമാനങ്ങളും അല്‍ മക്തൂം, ഷാര്‍ജ, ഫുജൈറ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ഇവിടെ നിന്ന് യാത്രതിരിക്കേണ്ട വിമാനങ്ങളാകട്ടെ, പലതും ഏറെ വൈകി മാത്രമാണ് പുറപ്പെട്ടത്. 12.45നാണ് വിമാനത്താവളം തുറന്നത്. 69 മിനിറ്റ് നേരം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുടങ്ങിയതായി അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
വിമാനത്താവളത്തോട് ചേര്‍ന്നുള്ള അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കെ, സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചക്കും ഒരുക്കമല്ലെന്ന് എയര്‍പോര്‍ട്ട് അടച്ചിടേണ്ടി വന്ന സാഹചര്യം വിശദീകരിച്ചു കൊണ്ട് അധികൃതര്‍ ചൂണ്ടിക്കാട്ടി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, അല്‍ മിന്‍ഹാദ് എയര്‍ബേസ്, പാം ജുമൈറയിലെ സ്കൈ ഡൈവ് ദുബൈ തുടങ്ങിയ ഇടങ്ങളില്‍ ആളില്ലാ പേടകം പറത്താന്‍ പാടില്ല. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും പറത്താന്‍ അനുമതി വാങ്ങണം. ദുബൈ വിമാനത്താവളത്തിന് സമീപം ഡ്രോണ്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 55 മിനുട്ടോളം വ്യോമഗതാഗതം തടസ്സപ്പെട്ടിരുന്നു. പുതിയ സംഭവത്തോടെ ആളില്ലാപേടകം പറത്തുന്നതിന് കൂടുതല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ നിര്‍ബന്ധിതമാകും.