ദോഹ ഇന്‍രര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ തുടരുന്നു
അഞ്ചാമത് ദോഹ ഇന്‍രര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ ദോഹയില്‍ തുടരുന്നു.
അഞ്ചാമത് ദോഹ ഇന്‍രര്‍നാഷണല്‍ മാരിടൈം ഡിഫന്‍സ് എക്സിബിഷന്‍ ദോഹയില്‍ തുടരുന്നു. മിഡില്‍ ഈസ്റ്റ് നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ പ്രതിരോധ സുരക്ഷാ പ്രദര്‍ശനമാണ് ഡിംഡെക്‌സ് 2016. ഖത്തറും ഫ്രാന്‍സും 24 റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് നടത്തുന്നതിനായി കരാറിലൊപ്പിട്ടു. ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷനില്‍ നടക്കുന്ന സമ്മേളനവും പ്രദര്‍ശനവും നാളെ കൂടി തുടരും.
ആധുനിക സാങ്കേതികവിദ്യ രംഗത്തും വ്യാവസായിക, വാണിജ്യ, വ്യാപാര മേഖലകളിലും റീജണല്‍ ഹബായി ഖത്തര്‍ മാറുന്നതിന്റെ സൂചനകളാണ് ഡിംഡെക്‌സ് 2016 എക്‌സിബിഷന്‍ നല്‍കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ സാന്നിദ്ധ്യത്തില്‍ മന്ത്രിസഭയിലെ പ്രമുഖരും നാവിക സേനയിലെയും പ്രതിരോധ രംഗത്തെയും പ്രതിനിധികളും ആദ്യ ദിവസം തന്നെ പ്രദര്‍ശന നഗരിയിലെത്തി. ലോകത്തിലെ 58 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യക്കു പുറമെ ഫ്രാന്‍സ്, ഇറ്റലി, അമേരിക്ക, ഇംഗ്ലണ്ട്, മൊറോക്കോ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 8 യുദ്ധക്കപ്പലുകളാണ് ദോഹ വാണിജ്യ തുറമുഖത്തെത്തിയത്.
പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍അത്വിയ്യയുടെ നേതൃത്വത്തില്‍ ഡീംഡെക്സ് 2016മായി ബന്ധപ്പെട്ട് മിഡിലീസ്റ്റ് നേവല്‍ കമാന്‍ഡര്‍മാരുടെ സമ്മേളനവും ഇന്ന് നടന്നു. ഇതിനിടയില്‍ ഖത്തറും ഫ്രാന്‍സും 24 റാഫേല്‍ യുദ്ധവിമാനങ്ങളുടെ ഇടപാട് നടത്തുന്നതിനായി 6.7 ബില്യന്‍ യൂറോയുടെ കരാറിലൊപ്പിട്ടു.