ഒമാനിൽ നിന്നുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു
ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നവംബർ 17 വരെ അപേക്ഷിക്കാം
മസ്‌കത്ത്: ഒമാനിൽ നിന്നുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി നവംബർ 17 വരെ അപേക്ഷിക്കാം. കഴിഞ്ഞ വർഷം14,000 അപേഷകൾ സ്വീകരിച്ചതിൽ 500 വിദേശികൾക്ക് അവസരം ലഭിച്ചിരുന്നു. 18 വയസിന് മുകളിലുള്ളവർക്കാണ് ഹജ്ജിന് അപേക്ഷിക്കാൻ കഴിയുക. അടുത്ത വർഷം ഹജിന് പോവാൻ ആഗ്രഹിക്കുന്നവരാണ് വെബ് സൈറ്റ് വഴി രജിസ്േട്രഷൻ നടത്തേണ്ടത്.
ഈ വർഷം ഒമാനിൽ നിന്ന് 14.000 പേർക്കാണ് ഹജ്ജിന് പോവാൻ അനുവാദം ലഭിക്കുക. ഓൺലൈനായി ഈ മാസം 17വരെ രജിസ്‌ട്രേഷൻ നടത്തുന്നവർക്ക് മാത്രമാണ് അവസരമുണ്ടാവുക. അപേഷകരിൽനിന്ന് നറുക്കെടുപ്പ് വഴിയാണ് തെരഞ്ഞെടുക്കുക. ഓൺ ലൈൻ രജിസ്‌ട്രേഷൻ നടത്തുമ്പോൾ തന്നെ അപേക്ഷ സ്വീകരിക്കപ്പെട്ടോ എന്ന് അറിയാൻ കഴിയും. ഒമാനിൽ നിന്നുള്ള ഹജ്ജ് കമ്പനികൾ വഴിയാണ് ഇവർക്ക് പോവാൻ കഴിയുക.
കഴിഞ്ഞ വർഷം 13,586 അപേക്ഷകരെയാണ് ഹജ്ജിനായി തെരഞ്ഞെടുത്തത്. ഇതിൽ 51 ശതമാനം സ്ത്രീകളായിരുന്നു. ഇതിൽ 500 വിദേശികൾക്കും അവസരം ലഭിച്ചിരുന്നു. ഇതിൽ 250 അറബികളായ വിദേശികൾക്കും 250 എണ്ണം അറബികൾ അല്ലാത്തവരായ വിദേശികൾക്കുമായി നീക്കിവെച്ചിരുന്നു. കഴിഞ്ഞ വർഷം 63ൽ അധികം മലയാളികൾ ഒമാനിൽനിന്ന് ഹജ്ജിന് പോയിരുന്നു. സുന്നി സെന്റർ വഴി 43 മലയാളികളാണ് ഹജ്ജിന് പോയത്. ഒരാളിൽ നിന്ന് 2,600 റിയാലാണ് കഴിഞ്ഞ വർഷം ഈടാക്കിയിരുന്നത്. 2011ന് മുമ്പ് ഒമാനിൽ എത്തിയ വിദേശികൾക്കാണ് കഴിഞ്ഞവർഷം ഒമാൻ ഹജ്ജ് മിഷൻ മുൻഗണന നൽകിയിരുന്നത്.