റോഡ് വികസനം: ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം
റോഡ് വികസനത്തിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു
റോഡ് വികസനത്തിന്റെ ഭാഗമായി ദുബൈ എയര്‍പോര്‍ട്ട് റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. വ്യാഴാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വരും. വിമാനത്താവളത്തിലേക്ക് വരുന്നവര്‍ നിയന്ത്രണങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആര്‍ടിഎ മുന്നറിയിപ്പ് നല്‍കി
404 ദശലക്ഷം ദിര്‍ഹം ചെലവില്‍ മറാകിഷ്- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനില്‍ ആറ് ലെയിന്‍ മേല്‍പാലവും രണ്ട് ലെയിന്‍ അടിപ്പാതയുമാണ് നിര്‍മിക്കുന്നത്. ഇതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് അറുതിയാകുമെന്ന് കരുതുന്നു.
ആദ്യഘട്ട ഗതാഗത നിയന്ത്രണം എമിറേറ്റ്സ് ആസ്ഥാനം മുതല്‍ മറാകിഷ് റോഡ് ജങ്ഷനിലൂടെ ഹബ്തൂര്‍ ലൈറ്റണ്‍ ഗ്രൂപ്പ് ആസ്ഥാനത്തിന് സമീപം വരെയാണ്. അല്‍ ഖവാനീജ് ദിശയില്‍ രണ്ട് മാസത്തോളം ഈ ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. മറാകിഷ്- എയര്‍പോര്‍ട്ട് റോഡ് ജങ്ഷനില്‍ നിലവിലുള്ള സിഗ്നല്‍ എടുത്തുകളഞ്ഞാണ് ആറ് വരി മേല്‍പ്പാലം ഉള്‍പ്പെടെയുള്ള ഇന്റര്‍ചേഞ്ച് നിര്‍മിക്കുന്നത്. ദുബൈ വിമാനത്താവളം ടെര്‍മിനല്‍ മൂന്നിലേക്ക് മേല്‍പ്പാലത്തില്‍ നിന്ന് പ്രത്യേക പാതയും നിര്‍മിക്കും. എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് മറാകിഷ് റോഡിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ രണ്ട് വരി അടിപ്പാതയും നിര്‍മിക്കും. ഇതോടെ ഇന്റര്‍ചേഞ്ച് കടന്നുപോകാന്‍ വാഹനങ്ങള്‍ എടുക്കുന്ന സമയം ഏഴ് മിനിറ്റില്‍ നിന്ന് ഒരു മിനിറ്റാക്കി കുറക്കാന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.