കിസ് വ കൈമാറ്റ ചടങ്ങ് സെപ്തംബര്‍ 3ന്

Update: 2017-04-24 13:13 GMT
കിസ് വ കൈമാറ്റ ചടങ്ങ് സെപ്തംബര്‍ 3ന്
Advertising

ഹജ്ജ് മന്ത്രാലയം , ഇരു ഹറം കാര്യാലയം, മക്ക ഗവര്‍ണറേറ്റ്, കിസ്വ ഫാക്ടറി എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും

Full View

മക്കയിലെ വിശുദ്ധ കഅബാലയത്തെ പുതപ്പിക്കുന്ന ആവരണമായ 'കിസ് വ കൈമാറ്റ ചടങ്ങ് സെപ്തംബര്‍ 3ന് നടക്കുമെന്ന് കിസ്വ ഫാക്ടറി മേധാവി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജൗദ പറഞ്ഞു. ഹജ്ജ് മന്ത്രാലയം , ഇരു ഹറം കാര്യാലയം, മക്ക ഗവര്‍ണറേറ്റ്, കിസ്വ ഫാക്ടറി എന്നിവിടങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

കഴിഞ്ഞ ഒരുവര്‍ഷക്കാലം നൈത്ത് രംഗത്തെ നിരവധി പ്രഗല്‍ഭരുടെ ശ്രമഫലമായായണ് പുതിയ കിസ്വ രൂപം കൊള്ളുന്നത്. കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് പുതിയ കിസ്വ കൈമാറുക. ഓരോ വര്‍ഷവും ഹജ്ജിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമായ അറഫ ദിനത്തിലാണ് കഅ്ബയെ പുതിയ കിസ്വ പുതപ്പിക്കുക. ഈ സമയം ഹജ്ജ് തീര്‍ഥാടകര്‍ മുഴുവനും അറഫയില്‍ സമ്മേളിക്കുകയായിരിക്കും.

കഅബയെ പുതിയ കിസ്വ അണിയിക്കുന്നതിന്റെ മുന്നോടിയായി ഒരു ദിവസം മുമ്പ്തന്നെ പഴയ കിസ്വയുടെ അഗ്രഭാഗങ്ങളും സ്വര്‍ണം പൂശിയ ഭാഗങ്ങളുമെല്ലാം അഴിച്ചുമാറ്റും. പിന്നീട് പൂര്‍ണമായും അഴിച്ചുമാറ്റിയാണ് പുതിയ കിസ്വ അണിയിക്കുന്നത്. തീര്‍ഥാടകരുടെ തിരക്ക് വര്‍ധിക്കുന്നതോടെ കിസ്വ കഅബയുടെ ചുമരിലേക്ക് അല്‍പം ഉയര്‍ത്തിക്കെട്ടും. ഹജ് കഴിഞ്ഞ് തീര്‍ഥാടകത്തിരക്ക് കുറയുന്നതോടെ ഹിജ്റ വര്‍ഷം ആരംഭിക്കുന്ന മാസമായ മുഹറത്തിലാണ് കിസ്വ പൂര്‍ണമായും താഴ്ത്തിയിടുക. ഹജ്ജ് സീസണ്‍ കഴിയുന്നതുവരെ കിസ്വ വൃത്തിയാക്കുന്നതിനും ശുചിത്വം ഉറപ്പുവരുത്തുന്നതിനും മറ്റുമായി മുഴുസമയം ജീവനക്കാര്‍ രംഗത്തുണ്ടാകുമെന്നും ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്ല ബാജൗദ പറഞ്ഞു.

ഹജ്ജിനത്തെുന്ന തീര്‍ഥാടകര്‍ കിസ്വ ഫാക്ടറി സന്ദര്‍ശിക്കാറുണ്ട്. ഈ വര്‍ഷവും സന്ദര്‍ശകരെ സ്വീകരിക്കാന്‍ കിസ്വ ഫാക്ടറി ഒരുങ്ങിക്കഴിഞ്ഞതായി ബാജൗദ പറഞ്ഞു. ഒരോ ദിവസവും 250 സന്ദര്‍ശകര്‍ക്കാണ് ഫാക്ടറി സന്ദര്‍ശിക്കാന്‍ അവസരം ലഭിക്കുക. ഞായര്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് സന്ദര്‍ശന സമയം. സന്ദര്‍ശകര്‍ ഫാക്ടറി ഓഫീസുമായി ബന്ധപ്പെട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും സമയക്രമം പാലിക്കണമെന്നും കിസ്വ ഫാക്ടറി മേധാവി പറഞ്ഞു.

Tags:    

Similar News