വാണിജ്യ, വ്യവസായ, തൊഴില്‍ സ്ഥാപനങ്ങളില്‍ താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി- അബൂദബി മുനിസിപ്പാലിറ്റി
ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മാനേജര്‍മാരും വര്‍ക്‍ഷോപ്പുകളിലും ഓഫിസ് മുറികളിലും മറ്റും താമസിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്
വര്‍ക് ഷോപ്പുകള്‍, ഓഫിസുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബൂദബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കി. വാണിജ്യ, വ്യവസായ, തൊഴില്‍ സ്ഥാപനങ്ങളില്‍ താമസിക്കുന്നത് കുറ്റകരമാണെന്നും ജീവനക്കാരുടെ താമസത്തിനായി ഇത്തരം സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താതിരിക്കാന്‍ ഉടമകള്‍ ശ്രദ്ധിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
ചെറുകിട വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും മാനേജര്‍മാരും വര്‍ക്‍ഷോപ്പുകളിലും ഓഫിസ് മുറികളിലും മറ്റും താമസിക്കുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. വ്യവസായ മേഖലകളിലാണ് കൂടുതല്‍ പേരും സ്ഥാപനങ്ങളില്‍ അനധികൃതമായി ഒരുക്കിയ സൗകര്യങ്ങളില്‍ താമസിക്കുന്നത്.
വാണിജ്യ- തൊഴില്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് താമസിക്കാന്‍ അനധികൃതമായി നിര്‍മിച്ച മുകള്‍ ഭാഗങ്ങള്‍ പൊളിച്ചുമാറ്റണം. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങളും പരിക്കും തടയാനും ആരോഗ്യകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് ഇത്തരം താമസങ്ങള്‍ ഒഴിവാക്കുന്നത്.
തൊഴിലിടങ്ങളില്‍ തന്നെയുള്ള താമസം കണ്ടത്തെുന്നതിന്റെ ഭാഗമായി അല്‍ വത്ബ മുനിസിപ്പല്‍ സെന്ററിന്റെ പരിധിയിലുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു. 10 നിയമ ലംഘനങ്ങള്‍ കണ്ടത്തെുകയും 177 പേര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. തുടര്‍ച്ചയായി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ജുഡീഷ്യല്‍ നടപടികള്‍ സ്വീകരിക്കും. അനധികൃത നിര്‍മാണം നടത്തിയ സ്ഥാപനങ്ങള്‍ക്ക് പൊളിച്ചുമാറ്റുന്നതിന് ഒരാഴ്ച സമയം അനുവദിച്ചിട്ടുണ്ട്.