വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ഖത്തര്‍ പദ്ധതികള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്
രാജ്യാന്തര ധനകാര്യ ഗവേഷണ സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ബി.എം.ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഖത്തറിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വിവിധ പദ്ധതികള്‍ വിജയം കണ്ടതായി റിപ്പോര്‍ട്ട്. രാജ്യാന്തര ധനകാര്യ ഗവേഷണ സ്ഥാപനമായ ഫിച്ച് ഗ്രൂപ്പിന്റെ ബി.എം.ഐ റിസര്‍ച്ച് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഈ വര്‍ഷം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് മൂന്ന് ദശലക്ഷം കവിയുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഖത്തറിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 7.2 ശതമാന വര്‍ധനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. ടൂറിസം രംഗത്തെ വളര്‍ച്ച 2020 വരെ തുടരുമെന്നും സഞ്ചാരികളുടെ എണ്ണം 40 ലക്ഷത്തിലെത്തുമെന്നും റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് പ്രാദേശിക ഇംഗ്‌ളീഷ് ദിനപത്രം വ്യക്തമാക്കി. ഈ വര്‍ഷത്തെ വളര്‍ച്ചാനിരക്ക് 5.4 ശതമാനമായും ഉയരും.
വിനോദ സഞ്ചാരികളുടെ ഒഴുക്കിന് ആക്കംകൂട്ടാനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിന്റെ ഭാഗമായി 33 രാജ്യക്കാര്‍ക്ക് ഖത്തറില്‍ 'ഓണ്‍ അറൈവല്‍ വിസ' ലഭ്യമാണ്. ഏഷ്യാ പസഫിക്ക് രാജ്യക്കാര്‍ക്ക് വിസാ നടപടികള്‍ എളുപ്പമാക്കി. കൂടാതെ ജി.സി.സി അംഗ രാജ്യക്കാര്‍ക്കും സുഗമമായി രാജ്യത്തേക്കെത്താമെന്നായി.
രാജ്യത്തെ ടൂറിസം വിപണി പ്രധാനമായും ആശ്രയിക്കുന്നത് യൂറോപ്പിലെയും അമേരിക്കയിലെയും സഞ്ചാരികളെയാണ്. ആഗോളത്തലത്തിലെ മികച്ച ഇവന്റുകള്‍ സംഘടിപ്പിച്ച് വിനോദ സഞ്ചാരികളെ ഖത്തറിലേക്ക് ആകര്‍ഷിക്കാനാണ് നീക്കം.