മക്കയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ സൌദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു
തീര്‍ഥാടകര്‍ക്കുള്ള മടക്ക ടിക്കറ്റ് നല്‍കാന്‍ വിസ ഏജന്‍സിയോട് മന്ത്രാലയം ആവശ്യപ്പെട്ടു
മക്കയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരുടെ പ്രശ്നത്തില്‍ സൌദി ഹജ്ജ് മന്ത്രാലയം ഇടപെട്ടു. തീര്‍ഥാടകര്‍ക്കുള്ള മടക്ക ടിക്കറ്റ് നല്‍കാന്‍ വിസ ഏജന്‍സിയോട് മന്ത്രാലയം ആവശ്യപ്പെട്ടു. മീഡിയവണ്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി. ആദ്യ സംഘം നാളെ രാത്രി നാട്ടിലേക്ക് മടങ്ങും.
മടക്ക ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ വഞ്ചിച്ചതിനാല്‍ സ്വന്തം ചിലവില്‍ നാട്ടേലേക്ക് മടങ്ങാന്‍ തീര്‍ഥാടര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനായി ഓരോ തീര്‍ഥാടകനും വിമാന ടിക്കറ്റ് എടുക്കാന്‍ 1350 റിയാല്‍ (23000 രൂപ) നല്‍കിയിരുന്നു. ഈ പണം തിരികെ നല്‍കാന്‍ വിസ ഏജന്റിനോട് നിര്‍ദേശിച്ച ഹജ്ജ് മന്ത്രാലയം പകരം 32 പേര്‍ക്ക് വിമാന ടിക്കറ്റ് നല്‍കാനും നിര്‍ദേശിച്ചു. മീഡിയവണ്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംപ്രേക്ഷണം ചെയത് വാര്‍ത്ത സഹിതം നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ ഇടപെടല്‍.
23 പേര്‍ നാളെ രാത്രി ഫ്ലൈ ദുബായ് വിമാനത്തില്‍ താഇഫില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര തിരിക്കും.ബാക്കിയുള്ളവര്‍ വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നാണ് അറിയുന്നത്.ഏറെ നാളത്തെ ദുരിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് തീര്‍ഥാടകര്‍.
വേങ്ങരയിലെ റബീഹ് ട്രാവല്‍സിന് കീഴില്‍ ഉംറക്കെത്തിയ മുപ്പത്തി എട്ട് പേരില്‍ ഏഴ് പേര്‍ക്ക് മാത്രമാണ് മടക്ക ടിക്കറ്റ് ഉണ്ടായിരുന്നത്. പതിനഞ്ച് പേര്‍ ജൂണ്‍ 19നാണ് നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്നത്. എന്നാല്‍ ടിക്കറ്റ് നല്‍കാതെ ട്രാവല്‍സ് ഉടമ സ്ഥാപനം അടച്ചു മുങ്ങുകയായിരുന്നു. തീര്‍ഥാടകരെ കബളിപ്പിച്ച് മുങ്ങിയ വേങ്ങരയിലെ റബീഹ് ട്രാവല്‍സ് ഉടമ മുനീര്‍ തങ്ങളെകുറിച്ച് പത്ത് ദിവസമായി ഒരു വിവരവും ലഭിച്ചിട്ടില്ല.