ദുബൈയിലെ പാര്‍ക്കുകളിലേക്കുള്ള പ്രവേശനഫീസ് നോല്‍കാര്‍ഡ് വഴി അടക്കാം
ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു.
ദുബൈ നഗരസഭക്ക് കീഴിലെ പാര്‍ക്കുകളിലേക്കുള്ള പ്രവേശനഫീസ് അടുത്തവര്‍ഷം മുതല്‍ നോല്‍കാര്‍ഡ് വഴി അടക്കാന്‍ സംവിധാനം വരുന്നു. നോല്‍ കാര്‍ഡിലൂടെ ഈടാക്കുന്ന ഫീസ് ആര്‍.ടി.എ ദുബൈ നഗരസഭക്ക് കൈമാറും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ആര്‍.ടി.എയും ദുബൈ നഗരസഭയും ഒപ്പിട്ടു.
നിലവില്‍ മെട്രോ, ട്രാം, ബസ് യാത്രക്കും പാര്‍ക്കിങ് ഫീസ് അടക്കാനുമാണ് നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നന്ത്. അടുത്തവര്‍ഷം മുതല്‍ ഇത് വിവിധ പാര്‍ക്കുകളില്‍ പ്രവേശിക്കാനും ഉപയോഗിക്കാം. അല്‍ മംസാര്‍ പാര്‍ക്ക്, സഅബീല്‍ പാര്‍ക്ക്, മുശ്രിഫ് പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക് എന്നിവിടങ്ങളിലെ പ്രവേശ ഫീസ് നോല്‍ കാര്‍ഡിലൂടെ അടക്കാന്‍ സാധിക്കും. പാര്‍ക്കുകളിലെ പ്രവേശ കവാടത്തില്‍ സ്ഥാപിച്ച സ്മാര്‍ട്ട് ഗേറ്റില്‍ നോല്‍ കാര്‍ഡ് സൈ്വപ് ചെയ്താല്‍ അകത്തുകടക്കാം. പാര്‍ക്കുകളോട് ചേര്‍ന്ന് നോല്‍ കാര്‍ഡ് വില്‍പനക്കും റീചാര്‍ജ് ചെയ്യാനും ആര്‍.ടി.എ സൗകര്യമൊരുക്കും. ദുബൈ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ആര്‍.ടി.എ കോര്‍പറേറ്റ് ടെക്നോളജി വിഭാഗം സി.ഇ.ഒ അബ്ദുല്ല മല്‍ മദനിയും ദുബൈ നഗരസഭ കോര്‍പറേറ്റ് സപോര്‍ട്ട് വിഭാഗം അസി. ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്‍ കരീം ജുല്‍ഫാറും തമ്മിലാണ് കരാറില്‍ ഒപ്പിട്ടത്. പാര്‍ക്കുകളിലേക്കുള്ള പ്രവേശം എളുപ്പത്തിലാക്കാന്‍ പുതിയ സംവിധാനം ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍.