കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പാര്‍ലിമെന്റ് അംഗീകാരം

Update: 2017-10-24 00:27 GMT
Editor : admin
കുവൈത്തില്‍ വെള്ളം, വൈദ്യുതി നിരക്ക് വര്‍ദ്ധനക്ക് പാര്‍ലിമെന്റ് അംഗീകാരം
Advertising

അധിക നിരക്കില്‍ നിന്ന് സ്വദേശികളെ പൂര്‍ണമായും ഒഴിവാക്കി. വിദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകും.

കുവൈത്തില്‍ വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വര്‍ദ്ധനക്ക് പാര്‍ലിമെന്റിന്റെ അംഗീകാരം. അധിക നിരക്കില്‍ നിന്ന് സ്വദേശികളെ പൂര്‍ണമായും ഒഴിവാക്കി. വിദേശികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകും.

അരനൂറ്റാണ്ടിനുശേഷമാണ് കുവൈത്തില്‍ ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് സാഹചര്യം ഒരുങ്ങുന്നത്. 1966ലായിരുന്നു അവസാനമായി നിരക്ക് വര്‍ധിപ്പിച്ചത്. ഇന്നലെ പാര്‍ലിമെന്റില്‍ നടന്ന അവസാന ഘട്ട വോട്ടെടുപ്പില്‍ 48 പേര്‍ നിരക്ക് വര്‍ധനയെ അനുകൂലിച്ചും എട്ടു പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. സ്വദേശികള്‍ വാടക വീടുകളില്‍ താമസിക്കുന്നവരാണെങ്കിലും നിരക്ക് വര്‍ദ്ധന ബാധിക്കില്ല.

എന്നാല്‍ സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടില്‍ താമസിക്കുന്ന സ്വദേശികള്‍ വാടകക്കെട്ടിടത്തില്‍ അധിക നിരക്ക് നല്‍കേണ്ടി വരും. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിച്ച സ്വദേശികള്‍ക്ക് വില്ലയിലും വാടക വീട്ടിലും നിരക്കിളവ് അനുവദിക്കണം എന്നു ചില എം പിമാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകാരം ലഭിച്ചില്ല. വാടക വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും പുറമേ വാണിജ്യ സ്ഥാപനങ്ങള്‍, വ്യവസായ ശാലകള്‍, കാര്‍ഷിക ഫാമുകള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവക്കും നിരക്ക് വര്‍ദ്ധന ബാധകമാണ്.

വാണിജ്യ കേന്ദ്രങ്ങളില്‍ 12 മാസത്തിനു ശേഷവും ഫ്‌ളാറ്റുകള്‍ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ 18 മാസങ്ങള്‍ക്ക് ശേഷവും വ്യവസായ ശാലകളില്‍ 21 മാസങ്ങള്‍ക്ക് ശേഷവും ആണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരിക. വെള്ളക്കരം 3,000 ഗാലന്‍ വരെ രണ്ടു ദീനാര്‍, 6,000 ഗാലന്‍ വരെ മൂന്നു ദീനാര്‍, 6000 ഗാലനില്‍ കൂടുതലായാല്‍ നാല് ദിനാര്‍ എന്നിങ്ങനെ വര്‍ദ്ധിക്കുമ്പോള്‍. 1000 യൂനിറ്റ് വരെ കിലോ വാട്ടിന് അഞ്ചു ഫില്‍സ് 2000 വരെ 10 ഫില്‍സ് രണ്ടായിരത്തിനു മുകളില്‍ 15 ഫില്‍സ് എന്ന നിരക്കിലാണ് വൈദ്യുതി ചാര്‍ജ് വര്‍ദ്ധന.

വിദേശികളെ സംബന്ധിച്ചെടുത്തോളം സാമ്പത്തികമായ അധിക ഭാരമാണ് നിരക്ക് വര്‍ദ്ധന സൃഷ്ടിക്കുക. എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് വെള്ളം വൈദ്യുതി എന്നിവയുടെ നിരക്ക് വര്‍ദ്ധിപ്പിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News