സ്വദേശിവത്കരണം; നിയമം ഡിസംബര്‍ 11ന് പ്രാബല്യത്തില്‍ വരുമെന്ന് സൌദി

Update: 2017-11-28 19:52 GMT
Editor : Jaisy
സ്വദേശിവത്കരണം; നിയമം ഡിസംബര്‍ 11ന് പ്രാബല്യത്തില്‍ വരുമെന്ന് സൌദി
Advertising

രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പുതുതായി നടപ്പാക്കുന്ന സന്തുലിത നിതാഖാത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു

Full View

വിദേശികള്‍ കയ്യടക്കി വച്ച തൊഴിലുകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ ഉദ്ദേശിച്ച് നടപ്പാക്കുന്ന നിയമം ഡിസംബര്‍ 11ന് പ്രാബല്യത്തില്‍ വരുമെന്നും സൌദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ തൊഴില്‍ മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ പുതുതായി നടപ്പാക്കുന്ന സന്തുലിത നിതാഖാത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു.

മുഖ്യമായും അഞ്ച് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് സന്തുലിത നിതാഖാത്തില്‍ സ്വകാര്യ സ്ഥാപനങ്ങളെ തരം തിരിക്കുക. സ്വദേശിവത്കരണത്തിന്റെ തോത്, സ്വദേശികള്‍ക്ക് നല്‍കുന്ന ശരാശരി വേതനം, തൊഴിലാളികളില്‍ സ്ത്രീകളുടെ അനുപാതം, സ്വദേശികള്‍ ജോലിയില്‍ തുടരുന്ന കാലദൈര്‍ഘ്യം, ഉന്നത ശമ്പളത്തിലും പദവിയിലുമുള്ള സ്വദേശികളുടെ കണക്ക് എന്നിവയാണ് പുതിയ തരംതിരിക്കലിന് പരിഗണിക്കുക. തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ ഇത്തരം പരിഗണനകള്‍ അനിവാര്യമാണ്. സ്വദേശികളുടെ എണ്ണം പൂര്‍ത്തിയാക്കുന്നത് കൊണ്ട്മാത്രം സ്വദേശിവത്കരണത്തിന്റെ ലക്ഷ്യം നേടാനാവില്ല. സൗദി തൊഴില്‍ മേഖല നിരവധി വെല്ലുവിളികളെ നേരിടുന്നുണ്ടെന്നും ഡോ. അഹ്മദ് അല്‍ഖത്താന്‍ പറഞ്ഞു.

ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക്, നിരവധി തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കിവെച്ച അവസ്ഥ, ഉല്‍പാദനക്ഷമതയില്ലായ്മ, ജോലിക്കാരില്‍ സ്ത്രീകളുടെ ശതമാനക്കുറവ്, തൊഴില്‍ വിപണിയും വിദ്യാഭ്യാസ പാഠ്യപദ്ധതിയും തമ്മില്‍ പൊരുത്തപ്പെടാത്തത് എന്നിവ ഇത്തരം വെല്ലുകളില്‍ ചിലത് മാത്രമാണ്. ഡിസംബര്‍ 11 മുതലാണ് സന്തുലിത നിതാഖാത്തനുസരിച്ചുള്ള തരം തിരിക്കല്‍ പ്രാബല്യത്തില്‍ വരിക. സ്വദേശികളുടെ എണ്ണം തികച്ചതുകൊണ്ട് മാത്രം സ്ഥാപനങ്ങള്‍ മന്ത്രാലയത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാവില്ല. മറിച്ച് പുതിയ പരിഗണനയിലെ അഞ്ച് നിബന്ധനകള്‍ കൂടി പൂര്‍ത്തീകരിക്കണം. സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തിന്റെ www.mlsd.gov.sa എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ അവസ്ഥ പരിശോധിക്കാവുന്നതാണെന്നും അണ്ടര്‍സെക്രട്ടറി വിശദീകരിച്ചു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News