എസിയുടെ ദ്വാരം തുണയായി; ഒമ്പതു പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Update: 2018-01-08 13:54 GMT
എസിയുടെ ദ്വാരം തുണയായി; ഒമ്പതു പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
Advertising

ലത്തീഫ് തക്ക സമയത്ത്  ഉണര്‍ന്നില്ലായിരുന്നെങ്കില്‍ തങ്ങളും രക്ഷപ്പെടില്ലായിരുന്നുവെന്ന് അതേ മുറിയിലുണ്ടായിരുന്ന  വളാഞ്ചേരി സ്വദേശി അബ്ദുല്‍ കരീം നിറകണ്ണുകളോടെ.......

വെള്ളിയാഴ്ച രാവിലെ കല്‍ബയിലുണ്ടായ തീ ദുരന്തത്തില്‍ ഒമ്പതു പേര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. ഗോഡൗണിനു പിറകു വശത്ത് അഞ്ച് മുറികളിലായി 12 പേരാണ് ദുരന്തം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. മരണം വിരല്‍ നീട്ടുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. എന്തോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ലത്തീഫ് ആണ് മുറിയിലുണ്ടായിരുന്ന മറ്റു നാലു പേരെ വിളിച്ചുണര്‍ത്തിയത്. മുന്‍വശത്ത് തീ പടര്‍ന്നതിനാല്‍ വാതില്‍ തുറന്ന് രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നു. പരിഭ്രാന്തിക്കിടയിലും സമയം പാഴാക്കാതെ മുറിയിലെ എ.സി എടുത്തുമാറ്റി ആ ദ്വാരത്തിലൂടെ അഞ്ചുപേരും പുറത്തു കടന്നു. നാലുപേര്‍ കൂടി ഇതേ വഴി പിന്തുടര്‍ന്നു. നാലുചുറ്റും ഉയരത്തിലെ മതില്‍ ഉണ്ടായിരുന്നതിനാല്‍ അതും ചാടി കടക്കേണ്ടിയിരുന്നു.

അതിനിടയില്‍ തീ പടരുന്നതറിഞ്ഞ് മറ്റൊരു മുറിയില്‍ കിടന്നവര്‍ വാതില്‍ തുറന്നതോടെ ഗോഡൗണിലെ തീയും പുകയും മുറിക്കുള്ളിലേക്ക് വ്യാപിച്ചു. വാതില്‍ തുറന്ന മതില്‍ ചാടി കടക്കാതെ മുന്‍ വശത്ത് കൂടി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഒരാള്‍ മുറിക്കുള്ളില്‍ ശ്വാസം മുട്ടിയാണ് മരിച്ചത്. ലത്തീഫ് തക്ക സമയത്ത് ഉണര്‍ന്നില്ലായിരുന്നെങ്കില്‍ തങ്ങളും രക്ഷപ്പെടില്ലായിരുന്നുവെന്ന് അതേ മുറിയിലുണ്ടായിരുന്ന വളാഞ്ചേരി സ്വദേശി അബ്ദുല്‍ കരീം നിറകണ്ണുകളോടെ പറയുന്നു. മരിച്ച നിസാമുദ്ദീന്‍െറ നാട്ടുകാരാണ് അബ്ദുല്‍ കരീം. മരണപ്പെട്ട ഹുസൈന്‍ ഇവരുടെ മുറിയിലാണ് സാധാരണ ഉറങ്ങാറ്. ചുമയും ജലദോഷവും ആയതിനാല്‍ മറ്റുള്ളവരുടെ ഉറക്കത്തിന് ബുദ്ധിമുട്ടാവേണ്ട എന്നു പറഞ്ഞാണ് ഇന്നലെ മറ്റൊരു മുറിയില്‍ പോയി കിടന്നത്.

തീ പിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. പുക പുറത്തേക്ക് ഒഴിഞ്ഞു പോകാന്‍ പറ്റാത്ത വിധം അടഞ്ഞ രൂപത്തില്‍ ആയിരുന്നു ഗോഡൗണിന്‍റെ നിര്‍മാണം. അതു കാരണം പുക മുറികളിലേക്ക് വ്യാപിക്കുകയായിരുന്നു. കല്‍ബയിലെയും ഫുജൈറയിലെയും അഗ്നിശമനസേനവിഭാഗം ഒരുമിച്ച് രണ്ട് മണിക്കൂര്‍ നിരന്തരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

Tags:    

Similar News