ഒമാന്‍ എയര്‍ സൊഹാര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി
യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികളും മറ്റുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കായി ആകര്‍ഷക പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നതെന്നും സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്നു പറയാനാകില്ലെന്നും ഒമാന്‍ എയര്‍ പറഞ്ഞു
ഒമാൻ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍, സൊഹാര്‍ വിമാനത്താവളത്തിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കി. കഴിഞ്ഞ വർഷം ആരംഭിച്ച സർവീസ് പ്രതീക്ഷിച്ച നേട്ടം കൈവരിക്കാത്ത സാഹചര്യത്തിലാണ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
2014ലാണ് ഒമാന്‍ എയര്‍ സൊഹാറിലേക്ക് സര്‍വീസ് ആരംഭിച്ചത്. കുറഞ്ഞ എണ്ണം യാത്രക്കാര്‍ മാത്രമാണ് മസ്കത്തില്‍ നിന്ന് സൊഹാറിലേക്കുള്ള സര്‍വീസ് ഉപയോഗപ്പെടുത്തിയിരുന്നത്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ട്രാവല്‍ ഏജന്‍സികളും മറ്റുമായി ചേര്‍ന്ന് യാത്രക്കാര്‍ക്കായി ആകര്‍ഷക പാക്കേജുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അവയൊന്നും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തലാക്കുന്നതെന്നും സര്‍വീസ് എന്ന് പുനരാരംഭിക്കുമെന്നു പറയാനാകില്ലെന്നും ഒമാന്‍ എയര്‍ പറഞ്ഞു.
എളുപ്പത്തില്‍ എത്താമെന്നതിനാല്‍ സൊഹാറില്‍ നിന്നുള്ളവര്‍ റോഡുമാര്‍ഗമുള്ള യാത്രയെയാണ് ആശ്രയിക്കുന്നത്. പൊതുമേഖലാ ഗതാഗത കമ്പനിയായ മുവാസലാത്ത് സൊഹാറില്‍ നിന്ന് മസ്കത്തിലേക്ക് നിലവില്‍ എട്ട് പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്. സൊഹാര്‍ സര്‍വീസ് നഷ്ത്തിലാണെന്നും സാമൂഹിക പ്രതിബദ്ധതയുടെ പേരില്‍ മാത്രമാണ് സര്‍വീസ് തുടരുന്നതെന്നും ഒമാന്‍ എയര്‍ സി.ഒ.ഒ. അബ്ദുല്‍റഹ്മാന്‍ അല്‍ ബുസൈദി കഴിഞ്ഞ ജനുവരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സൊഹാര്‍ തുറമുഖം, ഫ്രീസോണ്‍ എന്നിവയുടെ സാമീപ്യമുള്ളതിനാല്‍ വിമാനത്താവളത്തെ ചരക്ക് കൈമാറ്റ കേന്ദ്രമായി വളര്‍ത്തിയെടുക്കാനാകുമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.
സ്ഥിര ടെര്‍മിനല്‍ ബില്‍ഡിങിന്‍െറ നിര്‍മാണം നടന്നുകൊണ്ടിരിക്കെ ആഴ്ചയില്‍ മൂന്ന് വീതമായിരുന്ന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത് സൊഹാര്‍ വിമാനത്താവള പദ്ധതിയെ എങ്ങനെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു.