ജല ഉപഭോഗം കുറക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനവുമായി ലുലു
ജല ഉപഭോഗം കുറക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പിന്റെ ജലസംരക്ഷണ പ്രചാരണത്തിന് തുടക്കമായി.
ജല ഉപഭോഗം കുറക്കുന്നവര്‍ക്ക് വന്‍തുകയുടെ സമ്മാനം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പിന്റെ ജലസംരക്ഷണ പ്രചാരണത്തിന് തുടക്കമായി. ജല ഉപയോഗം കുറക്കുന്നവര്‍ക്ക് മൂന്നര ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.
ലോക ജല ദിനത്തില്‍ അബുദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുമായി കൈകോര്‍ത്താണ് ലുലു ജല സംരക്ഷണത്തിന് വേറിട്ട പദ്ധതിക്ക് തുടക്കം കുറിച്ചത്. 'സേവ് വാട്ടര്‍, വിന്‍ കാഷ്' എന്ന കാമ്പയിനില്‍ ഏറ്റവും കൂടുതല്‍ ജല ഉപയോഗം കുറക്കുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായി 50000 ദിര്‍ഹം നല്‍കും. രണ്ട് പേര്‍ക്ക് രണ്ടാം സമ്മാനമായി 25000 ദിര്‍ഹം വീതം ലഭിക്കും. 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 5000 ദിര്‍ഹം നല്‍കും. ഖാലിദിയ്യയിലെ ലുലു മാളില്‍ നടന്ന ചടങ്ങിലാണ് നാല് മാസം നീളുന്ന പദ്ധതി ഉദ്ഘാടനം ചെയ്തത്. മാര്‍ച്ചിലെ ജല ഉപയോഗ ബില്ല് അടിസ്ഥാനമാക്കി അടുത്ത മൂന്ന് മാസങ്ങളില്‍ ഉപയോഗം കുറക്കുന്നവര്‍ക്കാണ് സമ്മാനം. അബുദബി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയിലെ സെയില്‍സ് മാനേജര്‍ ഹുമൈദ് അലി ഹുമൈദ് അല്‍ ഷംസിയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.
ജല സംരക്ഷണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ അബൂദബിയിലെ താമസക്കാര്‍ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു. ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ടി.പി അബൂബക്കര്‍ പറഞ്ഞു. പൈപ്പുകളിലും മറ്റും വെള്ളം കുറക്കുന്നതിനായി ഘടിപ്പിക്കുന്ന 1000 ഉപകരണങ്ങളുടെ വിതരണവും നടന്നു.