കുവൈത്തില്‍ അത്യപൂര്‍വ്വ ബ്ലഡ് ഗ്രൂപ്പുള്ള യുവതിക്ക് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഇടപെടല്‍ തുണയായി
കുവൈത്തിൽ അപൂർവ രക്തഗ്രൂപ്പ് ആയതിനാൽ ശസ്തക്രിയ മുടങ്ങിയ യുവതിക്ക് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഇടപെടൽ തുണയായി
കുവൈത്തിൽ അപൂർവ രക്തഗ്രൂപ്പ് ആയതിനാൽ ശസ്തക്രിയ മുടങ്ങിയ യുവതിക്ക് ബ്ലഡ് ഡോണേഴ്സ് കേരളയുടെ ഇടപെടൽ തുണയായി. ഖത്തറിൽ നിന്നാണ് ബോംബെ ഗ്രൂപ്പ് എന്നറിയപ്പെടുന്ന അത്യപൂർവ ഗ്രൂപ്പിൽ പെട്ട ദാതാവിനെ കണ്ടെത്തിയത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ നിധീഷ് രഘുനാഥ് ആണ് രക്തദാനത്തിന് സന്നദ്ധനായി ഖത്തറിൽ നിന്നും കുവൈത്തിലെത്തിയത്.
അദാൻ ആശുപത്രിയിൽ സിസേറിയൻ കാത്തു കഴിയുന്ന മംഗലാപുരം സ്വദേശിനിയായ യുവതിക്കാണ് രാജ്യാന്തര ഇടപെടലിലൂടെ രക്തദാതാവിനെ കിട്ടിയത് അത്യപൂർവമായ ബോംബെ ഓ പോസിറ്റിവ് ഗ്രൂപ്പായിരുന്നു യുവതിയുടേത്. ഇത് കുവൈത്തിൽ ലഭ്യമല്ലാതിരുന്നതിനാൽ കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ശസ്ത്രക്രിയ അനിശ്ചിതത്വത്തിലായി. ബ്ലഡ് ഡോണേഴ്സ് കേരളയുടെ കുവൈത്ത് ചാപ്റ്റർ പ്രവർത്തകരുടെ അന്വേഷണത്തിനൊടുവിലാണ് ഖത്തറിൽ അൻസാർ ഗാലറിയിൽ ജോലി ചെയ്യുന്ന നിധീഷ് രഘുനാഥിന് ഇതേ ഗ്രൂപ്പ് ആണെന്ന് കണ്ടെത്തിയത്.
രക്തദാതാവ് രാജ്യത്ത് സ്ഥിരതാമസമുള്ള ആളായിരിക്കണമെന്ന നിബന്ധന തൽക്കാലത്തേക്ക് മാറ്റിവെച്ചാണ് കുവൈത്ത് ബ്ലഡ് ബാങ്ക് കാരുണ്യപ്രവൃത്തിക്ക് കൂട്ടുനിന്നത്. ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷൻറെ സഹായത്തോടെ ഗ്രൂപ്പ് സ്ഥിരീകരിച്ചതോടെ വ്യാഴാഴ്ച ഉച്ചക്കുള്ള വിമാനത്തിൽ നിധീഷ് കുവൈത്തിലെത്തുകയും രക്തം നൽകുകയും ചെയ്തു. ബ്ലഡ് ഡോണേഴ്സ് ഫോറം പ്രവർത്തകരും യുവതിയുടെ ഭർത്താവ് ദയാനന്ദും ചേർന്ന് നിധീഷിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.