ജിസിസി റോമിങ് നിരക്ക് കുറക്കാൻ നിർദേശം നൽകിയിരുന്നതായി ട്രാ
2015 സെപ്റ്റംബറിൽ നിശ്ചയിച്ച റോമിങ് നിരക്കുകളിൽ കുറവ് വരുത്താനാണ് നിർദേശം നൽകിയത്
യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൊബൈൽ സേവന കമ്പനികൾ ജി.സി.സി റോമിങ് നിരക്ക് കുറക്കാൻ നിർദേശം നൽകിയിരുന്നതായി ടെലികമ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റി. 2015 സെപ്റ്റംബറിൽ നിശ്ചയിച്ച റോമിങ് നിരക്കുകളിൽ കുറവ് വരുത്താനാണ് നിർദേശം നൽകിയത്.
ട്രായ് നൽകിയ നിർദേശപ്രകാരം ഏപ്രിൽ ഒന്ന് മുതൽ ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കുന്ന യു.എ.ഇ മൊബൈൽ ഉപഭോക്താക്കളുടെ റോമിങ് നിരക്ക് ശരാശരി 18 ശതമാനം കുറഞ്ഞിട്ടുണ്ട്. റോമിങ് നിരക്ക് ചട്ടങ്ങൾ പഠിക്കുന്നതിനായി ജി.സി.സി വർക്കിങ് ഗ്രൂപ്പ് യോഗങ്ങളിൽ സജീവമായി പങ്കെടുക്കുന്നതായി ട്രാ ഡയറക്ടര്‍ ജനറൽ ഹമദ് ഉബൈദ് ആൽ മൻസൂറി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെ എല്ലാ മൊബൈൽ സേവന കമ്പനികളും റോമിങ് നിരക്ക് കുറച്ചാൽ മേഖലയിലും അന്താരാഷ്ട്ര തലത്തിലും ജി.സി.സി രാജ്യങ്ങൾക്ക് വലിയ നേട്ടമാകും. ഉപഭോക്താക്കൾക്ക് സന്തോഷവും സംതൃപ്തിയും ലഭിക്കാനും മിതമായ നിരക്കിൽ ഗുണമേന്മയുള്ള സേവനം ലഭ്യമാക്കാനും ട്രാ പ്രയത്നിക്കുന്നതായും ഹമദ് ഉബൈദ് ആൽ മൻസൂറി കൂട്ടിച്ചേർത്തു. ട്രാ നിർദേശ പ്രകാരം ഏപ്രിൽ ഒന്ന് മുതൽ റോമിങ് നിരക്ക് കുറച്ചതായി ഇത്തിസലാത്ത് മൊബൈൽ ഫോൺ സേവന കമ്പനി അറിയിച്ചിരുന്നു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ രാജ്യങ്ങളിൽനിന്നുള്ള ഡാറ്റ ഉപയോഗം, യു.എ.ഇയിലേക്കുള്ള ഫോൺവിളി, എസ്.എം.എസ് എന്നിവക്ക് 35 ശതമാനം വരെ നിരക്കിളവ് അനുവദിച്ചതായാണ് ഇത്തിസലാത്ത് വ്യക്തമാക്കിയിരുന്നത്. പ്രീ പെയ്ഡ്വരിക്കാർക്കും പോസ്റ്റ് പെയ്ഡ് വരിക്കാർക്കും ആനുകൂല്യം ലഭിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.