ഖത്തറില്‍ പ്രകൃതിവാതക-എണ്ണയേതര ആഭ്യന്തര ഉല്‍പാദനത്തില്‍ 63.8 % വളര്‍ച്ച
ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്
ഖത്തറില്‍ പ്രകൃതിവാതക-എണ്ണയേതര ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ 63.8 ശതമാനം വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് . ഖത്തര്‍ നാഷണല്‍ ബാങ്കിന്റെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത് . ഈ വര്‍ഷം ഖത്തറില്‍ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ 3.3 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
കഴിഞ്ഞ വര്‍ഷത്തെ പ്രകൃതിവാതക-എണ്ണയേതര ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയില്‍ ഖത്തറില്‍ 63.8 ശതമാനത്തിന്റെ ഉയര്‍ച്ചയുണ്ടായതായി ഏറ്റവും പുതിയ ക്യു.എന്‍.ബി സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടു മുന്‍വര്‍ഷമായ 2014ല്‍നിന്ന് 48.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഇത് രേഖപ്പെടുത്തിയത്. എന്നാല്‍, എണ്ണ പ്രകൃതിവാതക ഉല്‍പാദനമേഖല ഒരേ നില തുടരുമെന്നും എണ്ണയേതര ഉല്‍പാദന മേഖലയില്‍ വര്‍ധനയുണ്ടാവുമെന്നുമാണ് പ്രവചനം. കെട്ടിട നിര്‍മാണ മേഖല സജീവമാകുകയും, ജനസംഖ്യാനുപാതവും വിദേശ തൊഴിലാളികളുടെ എണ്ണവും വര്‍ധിച്ച് ധനകാര്യം, ഇന്‍ഷുറന്‍സ്, റിയല്‍ എസ്റ്റേറ്റ്, വാണിജ്യം, റസ്റ്റോറന്റ്, ഹോട്ടലുകള്‍, ഗവണ്‍മെന്റ് സേവനങ്ങള്‍ എന്നീ മേഖലകളില്‍ വളര്‍ച്ച വര്‍ധിച്ചതുമാണ് എണ്ണ-പ്രകൃതിവാതകേതര ആഭ്യന്തര ഉല്‍പാദനം വര്‍ധിക്കാനിടയാക്കിയത്. ഹൈഡ്രോ കാര്‍ബണ്‍ മേഖലയിലെ ഉല്‍പാദനത്തില്‍ 0.2 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞവര്‍ഷം പ്രകടമായത്. ക്രൂഡോയില്‍ വിലയിലെ മാന്ദ്യമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.