ടെലികമ്യൂണിക്കേഷന്‍ രംഗത്തെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൌദി തൊഴില്‍ പരിശീലനം നല്‍കുന്നു

Update: 2018-05-12 06:58 GMT
Editor : admin
ടെലികമ്യൂണിക്കേഷന്‍ രംഗത്തെ സ്വദേശിവത്കരണത്തിന്റെ ഭാഗമായി സൌദി തൊഴില്‍ പരിശീലനം നല്‍കുന്നു
Advertising

പരിശീലന കാലത്തിന്റെ നാലിലൊന്ന് തിയറി ക്ളാസുകളായിരിക്കും. ഈ കാലയളവില്‍ ചുരുങ്ങിയത് 3,000 റിയാല്‍ ശമ്പളം ലഭിക്കും. പ്രാക്ടിക്കല്‍ പരിശീലന കാലത്ത് ശമ്പളം പൂര്‍ണമായും ലഭ്യമാവും.

സൗദിയിലെ മൊബൈല്‍ കടകളിലും അനുബന്ധ സ്ഥാപനങ്ങളിലും തൊഴില്‍ മന്ത്രാലയം നടപ്പാക്കുന്ന സമ്പൂര്‍ണ സ്വദേശിവത്കരണത്തിന്റെ ഭാഗമായുള്ള പരിശീലനം രാജ്യത്തെ ഏഴ് മേഖലകളില്‍ ആരംഭിച്ചതായി മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രമാണ് പ്രമുഖ കമ്പനികളുമായി സഹകരിച്ചുള്ള പരിശീലനം സംഘടിപ്പിക്കുന്നത്. മൂന്ന് മാസം നീളുന്ന പരിശീലനം പൂര്‍ത്തിയാവുന്നതോടെ നേരിട്ട് നിയമനം നല്‍കും.

പരിശീലന കാലത്തിന്റെ നാലിലൊന്ന് തിയറി ക്ളാസുകളായിരിക്കും. ഈ കാലയളവില്‍ ചുരുങ്ങിയത് 3,000 റിയാല്‍ ശമ്പളം ലഭിക്കും. പ്രാക്ടിക്കല്‍ പരിശീലന കാലത്ത് ശമ്പളം പൂര്‍ണമായും ലഭ്യമാവും. തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്) വഴിയാണ് ശമ്പളം നല്‍കുക. വിദേശി ജോലിക്കാരില്‍ നിന്ന് വര്‍ഷത്തില്‍ ഈടാക്കുന്ന 2,400 റിയാല്‍ ലവിയാണ് ഹദഫിന്റെ വരുമാനം. റിയാദ്, മക്ക, മദീന, കിഴക്കന്‍, പ്രവിശ്യ, അല്‍ബാഹ, അസീര്‍, അല്‍ഖസീം എന്നീ മേഖലകളിലാണ് പ്രമുഖ കമ്പനികളുമായി സഹകരിച്ചുള്ള പരിശീലനം ആരംഭിച്ചിട്ടുള്ളത്.

മറ്റ് ആറ് മേഖലയിലും വൈകാതെ പരിശീലന പരിപാടി ആരംഭിക്കുമെന്നും മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. സൗദി സ്വകാര്യ മേഖല സ്വദേശിവത്കരിക്കുന്നതിന്റെ ഭാഗമായാണ് ആദ്യം ടെലികമ്യൂണിക്കേഷന്‍ രംഗത്ത് 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നത്. മൊബൈല്‍ റിപ്പയര്‍, അറ്റകുറ്റപണികള്‍, വില്‍പന എന്നീ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന പരിശീലനം പൂര്‍ത്തിയാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. ഇന്റര്‍മീഡിയറ്റ് സ്കൂള്‍ വിദ്യാഭ്യാസമുള്ള 18 വയസ്സ് പൂര്‍ത്തിയായ സ്വദേശികള്‍ക്ക് പരിശീലനത്തിന് അപേക്ഷിക്കാവുന്നതാണ്. ഈ വര്‍ഷം റമദാന്‍ ഒന്നിന് മുമ്പായി മൊബൈല്‍ കടകളിലെ 50 ശതമാനം ജോലികളും സ്വദേശിവത്കരിക്കും. ഹിജ്റ വര്‍ഷാവസാനത്തിന് മുമ്പ് ഇത് 100 ശതമാനമായി വര്‍ധിപ്പിക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News