ഫലസ്തീനെ സഹായിക്കാനുള്ള ലോകബാങ്ക് പദ്ധതിയിലേക്ക് കുവൈത്തിന്റെ സഹായ പ്രവാഹം

Update: 2018-05-12 13:19 GMT
Editor : admin
ഫലസ്തീനെ സഹായിക്കാനുള്ള ലോകബാങ്ക് പദ്ധതിയിലേക്ക് കുവൈത്തിന്റെ സഹായ പ്രവാഹം
Advertising

പി.ആര്‍.ഡി.പിക്ക് 2008 മുതല്‍ വിവിധ കാലയാളവിലായി കുവൈത്ത് നല്‍കിയ സംഭാവന 305 ദശലക്ഷം ഡോളറായി

ഫലസ്തീനെ സഹായിക്കാനുള്ള ലോകബാങ്ക് പദ്ധതിയിലേക്ക് കുവൈത്തിന്റെ ഭാഗത്തുനിന്ന് വീണ്ടും സഹായ പ്രവാഹം. ലോകബാങ്കിന്റെ ഫലസ്തീന്‍ സഹായ പദ്ധതിയായ ഫലസ്റ്റീനിയന്‍ റിഫോം ആന്റ് ഡെവലപ്മെന്റ് പ്രോഗ്രാമിനാണ് കുവൈത്ത് 25 ദശലക്ഷം ഡോളര്‍ നല്‍കിയത്. ഇതോടെ പി.ആര്‍.ഡി.പിക്ക് 2008 മുതല്‍ വിവിധ കാലയാളവിലായി കുവൈത്ത് നല്‍കിയ സംഭാവന 305 ദശലക്ഷം ഡോളറായി.

വാഷിങ്ടണ്‍ ഡി.സിയില്‍ നടന്ന ചടങ്ങില്‍ അമേരിക്കയിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് സാലിം അബ്ദുല്ല അസ്വബാഹും ലോകബാങ്ക് പശ്ചിമേഷ്യ, ഉത്തരാഫ്രിക്ക മേഖലാ വൈസ് പ്രസിഡന്റ് ഇന്‍ഗര്‍ ആന്‍ഡേഴ്സണും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചു. ലോകബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ മിര്‍സ ഹസനും സംബന്ധിച്ചു.

ഫലസ്തീന്‍ ജനതയെയും ഫലസ്തീന്‍ അതോറിറ്റിയെയും സഹായിക്കുന്ന കാര്യത്തില്‍ എന്നും ശ്രദ്ധപുലര്‍ത്തുന്ന രാജ്യമാണ് കുവൈത്ത എന്നും ഇത് ഇനിയും തുടരുമെന്നും ശെഖ് സാലിം അബ്ദുല്ല അസ്വബാഹ് പറഞ്ഞു. ഫലസ്തീന്‍ ജനതയുടെ സര്‍വതോന്മുഖമായ വളര്‍ച്ചയാണ് ഇത്തരം സഹായങ്ങളിലൂടെ കുവൈത്ത് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫലസ്തീനിലെ വികസന, പരിഷ്കരണ പ്രവര്‍ത്തനങളെ പിന്തുണക്കുകയെന്നതാണ് പി.ആര്‍.ഡി.പിയുടെ ലക്ഷ്യമെന്നും അതുവഴി പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളും പൊതുസംവിധാനങ്ങളും മെച്ചപ്പെടുത്തുകയാണ് പദ്ധതിയെന്നും മിര്‍സ ഹസന്‍ വ്യക്തമാക്കി.

ഫലസ്തീന്‍ അതോറിറ്റിയെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തോടെ 2008 ഏപ്രില്‍ പത്തിനാണ് ലോകബാങ്ക് പി.ആര്‍.ഡി.പി പദ്ധതിക്ക് തുടക്കമിട്ടത്. കുവൈത്തിനെ കൂടാതെ ആസ്ട്രേലിയ, ഫ്രാന്‍സ്, നോര്‍വെ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സ്ഥിരമായി ഇതിലേക്ക് സഹായങ്ങള്‍ നല്‍കാറുണ്ട്. വിവിധ ഡെവലപ്മെന്റ് പോളിസി ഗ്രാന്റുകളിലൂടെ ലോകബാങ്ക് 200 ദശലക്ഷം ഡോളര്‍ നല്‍കിയിട്ടുമുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News