കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് ഘടകങ്ങൾ പുനസംഘടിപ്പിക്കുമെന്ന് കെപിഎസി ലളിത
ചങ്ങനാശ്ശേരി അസോസിയേഷൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെപിഎസി ലളിത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്
കേരള സംഗീത നാടക അക്കാദമിയുടെ ഗൾഫ് ഘടകങ്ങൾ പുനസംഘടിപ്പിക്കുമെന്ന് അക്കാദമി ചെയർപേഴ്സനും നടിയുമായ കെ.പി.എ.സി ലളിത . കെ എസ് എൻ എ ഗൾഫ് ചാപ്റ്ററുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്നും പ്രവാസലോകത്തെ നാടക പ്രവർത്തകർക്ക് വേണ്ടി അക്കാദമി നടത്തി വന്നിരുന്ന അമേച്വർ നാടക മത്സരങ്ങൾക്ക് തുടർച്ച ഉണ്ടാകുമെന്നും ലളിത കുവൈത്തിൽ പറഞ്ഞു.
ചങ്ങനാശ്ശേരി അസോസിയേഷൻ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കാൻ കുവൈത്തിലെത്തിയ കെപിഎസി ലളിത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. മൂന്നുവർഷം മുമ്പ് വരെ സജീവമായിരുന്ന സംഗീത നാടക അക്കാദമിയുടെ ഗൾഫ് ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ മന്ദീഭവിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് പുനരുജ്ജീവിപ്പിക്കും. സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ നല്ല രീതിയിലാണ് അക്കാദമി പ്രവർത്തിച്ചത്. ഒട്ടും മോശമാക്കാത്ത പ്രവർത്തനം ഈ ഭരണസമിതിയും കാഴ്ച വയ്ക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.സിനിമയിൽ അംഗീകാരം അർഹതപ്പെട്ടവർക്ക് ലഭിച്ചു തുടങ്ങുന്നതിന്റെ സൂചനയാണ് സുരഭി ലക്ഷ്മിക്കു കിട്ടിയ മികച്ച നടിക്കുള്ള ദേശീയ അവാർഡെന്നും ലളിത അഭിപ്രായപ്പെട്ടു സംഗീത അക്കാദമിയുടെ ഈ വർഷത്തെ അമേച്വർ നാടക മത്സരത്തിൽ മികച്ച നടിയായി സുരഭിയെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി ചങ്ങനാശേരി നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമ്മേല്‍, ചങ്ങനാശ്ശേരി അസോസിയേഷന്‍ ഭാരവാഹികൾ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.