ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത്
13 ലക്ഷം സഞ്ചാരികളാണ് ഇക്കാലയളവിൽ ഒമാനിൽ എത്തിയതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോർട്ട് പറയുന്നു
ഈ വർഷത്തെ ആദ്യ 5 മാസങ്ങളിൽ ഒമാനിലെത്തിയ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമതെന്ന് കണക്കുകൾ. 13 ലക്ഷം സഞ്ചാരികളാണ് ഇക്കാലയളവിൽ ഒമാനിൽ എത്തിയതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയം പുറത്തിറക്കിയ ടൂറിസം സൂചിക റിപ്പോർട്ട് പറയുന്നു.
ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ് സഞ്ചാരികളിൽ ഒന്നാമത്. മെയ് മാസത്തിൽ മാത്രം എത്തിയത് 191,000 പേരാണ്. കഴിഞ്ഞ വർഷം സമാന മാസത്തെ അപേക്ഷിച്ച് നോക്കുമ്പോൾ സഞ്ചാരികളിൽ 16.4 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. ജിസിസി രാഷ്ട്രങ്ങളിൽ നിന്നുള്ളവരാണ് ഇതിൽ 47.4 ശതമാനം. 13.5 ശതമാനമാണ് ഇന്ത്യൻ സഞ്ചാരികളുടെ എണ്ണം. ബ്രിട്ടീഷ്, ഫിലിപ്പൈൻസ് സ്വദേശികളാണ് തൊട്ടുപിന്നിൽ. ക്രൂയിസ് കപ്പൽ യാത്രികരുടെ എണ്ണത്തിൽ മെയ് മാസത്തിൽ 70 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം ഏഴായിരം സഞ്ചാരികൾ എത്തിയ സ്ഥാനത്ത് ഇത്തവണ രണ്ടായിരം പേരാണ് എത്തിയത്. ക്രൂയിസ് കപ്പൽ യാത്രക്കാരിൽ 99.6 ശതമാനം പേരും യൂറോപ്യൻ സ്വദേശികളാണ്. ഇതിൽ 92.8 ശതമാനം പേരും ജർമൻ സ്വദേശികളുമാണ്. ത്രിനക്ഷത്രം മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ വരെ ആദ്യ അഞ്ചുമാസ കാലയളവിൽ വരുമാനമായി ലഭിച്ചത് 91 ദശലക്ഷം റിയാലാണ്. ഇതിൽ 14 ദശലക്ഷം റിയാലാണ് മെയ് മാസത്തിൽ മാത്രം ലഭിച്ചത്. മെയിൽ നക്ഷത്ര ഹോട്ടലുകളിലെത്തിയ അതിഥികളുടെ എണ്ണം 1.29 ലക്ഷത്തിൽ നിന്ന് 1.09 ലക്ഷമായി കുറയുകയും ചെയ്തു.