കൂവൈത്തില്‍ വിദേശനഴ്സുമാര്‍ക്കും ആഴ്ചയില്‍ രണ്ട് അവധി
സ്വദേശികളായ നഴ്‌സിംഗ് ജീവനക്കാരെ പോലെ വിദേശി നഴ്‌സുമാര്‍ക്കും ഇരട്ട അവധി ആനുകൂല്യം നല്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു .
കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ വിദേശ നഴ്‌സുമാര്‍ക്കു ആഴ്ചയില്‍ രണ്ട് വീതം അവധി ലഭിച്ചേക്കും. സ്വദേശികളായ നഴ്‌സിംഗ് ജീവനക്കാരെ പോലെ വിദേശി നഴ്‌സുമാര്‍ക്കും ഇരട്ട അവധി ആനുകൂല്യം നല്കുന്ന കാര്യം പരിഗണനയില്‍ ആണെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍ ഹര്‍ബി അറിയിച്ചു . നഴ്‌സിംഗ് ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് നഴ്‌സസ് ഫോറം സംഘടിപിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് അണ്ടര്‍ സെക്രട്ടറി ഇക്കാര്യം വെളിപ്പെടുത്തിയത്.
മുബാറക് അല്‍കബീര്‍ ആശുപത്രിയിലാണ് 2013 മുതല്‍ പരീക്ഷണാര്‍ഥം നഴ്‌സുമാര്‍ക്ക് ഇരട്ട അവധി തുടങ്ങിയത്. സ്വദേശികളായ നഴ്‌സുമാര്‍ക്ക് മാത്രമായിരുന്നു ആഴ്ചയില്‍ രണ്ട് ദിവസം വിശ്രമ ദിനമായി അനുവദിച്ചത്. ഇത് ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും കുവൈത്തി നഴ്‌സുമാര്‍ക്ക് ഈ ആനുകൂല്യം നല്‍കാന്‍ മന്ത്രാലയം ഈയിടെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിദേശി നഴ്‌സുമാര്‍ക്കും രണ്ടു വിശ്രമദിനം അനുവദിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്.
22000 നഴ്‌സുമാരാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വിവിധ ആശുപത്രികളിലായി സേവനമാനുഷ്ടിക്കുന്നത്. ഇതില്‍ സ്വദേശികള്‍ക്ക് മാത്രം അനുവദിച്ച ഇരട്ട അവധി ആനുകൂല്യം അടുത്ത ഘട്ടങ്ങളില്‍ മറ്റു ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും തുടര്‍ന്ന് പൌരത്വ രഹിതര്‍ക്കും നാലാംഘട്ടത്തില്‍ ഇതര വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും അനുവദിക്കുമെന്ന് ജമാല്‍ അല്‍ ഹര്‍ബി പറഞ്ഞു.
നിലവില്‍ ദിവസം മൂന്ന് ഷിഫ്റ്റുകളായാണ് കുവൈത്തിലെ ആശുപത്രികളില്‍ നഴ്‌സുമാരുടെ ജോലി. ഷിഫ്റ്റ് മാറ്റം അനുസരിചു ഏഴു മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ചെയ്യേണ്ടതായുണ്ട്. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം ആഴ്ചയില്‍ പരമാവധി 40 മണിക്കൂറാണ് നഴ്‌സുമാരുടെ ജോലി സമയം എന്നാല്‍ കുവൈത്തില്‍ ഇത് 50 മണിക്കൂര്‍ വരെ ആകുന്നതായി നഴ്‌സസ് അസോസിയേഷന്‍ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.