ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

Update: 2018-05-22 19:09 GMT
Editor : Jaisy
ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം
Advertising

വകുപ്പിന്റെ വെബ്സൈറ്റില്‍ രേഖകള്‍ അപ്‍ലോഡ് ചെയ്യാത്തതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാജ നമ്പറില്‍ നിന്ന് പലര്‍ക്കും ഫോണ്‍കോള്‍ ലഭിക്കുന്നത്

ദുബൈ താമസകുടിയേറ്റ വകുപ്പിന്റെ പേരില്‍ പ്രവാസികളില്‍ നിന്ന് പണം തട്ടാന്‍ ശ്രമം. വകുപ്പിന്റെ വെബ്സൈറ്റില്‍ രേഖകള്‍ അപ്‍ലോഡ് ചെയ്യാത്തതിന് പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് വ്യാജ നമ്പറില്‍ നിന്ന് പലര്‍ക്കും ഫോണ്‍കോള്‍ ലഭിക്കുന്നത്.

ഒറ്റനോട്ടത്തില്‍ ഡിഎന്‍ആര്‍ഡിയുടെ ടോള്‍ഫ്രീ നമ്പറെന്ന് തോന്നിപ്പിക്കുന്ന വ്യാജ നമ്പറില്‍ നിന്നാണ് ഐടി എഞ്ചിനീയറായ ഷനിലക്ക് ഫോണ്‍ വന്നത്. വിസ പുതുക്കുന്ന സമയമായതിനാല്‍ ഫോണ്‍ കോളില്‍ ആദ്യം സംശയമൊന്നും തോന്നിയില്ല. ഡി എന്‍ ആര്‍ ഡിയുടെ വെബ്സൈറ്റില്‍ രേഖകകള്‍ അപ്‍ലോഡ് ചെയ്തിട്ടില്ലെന്നും ഇത് ഗുരുതരമായ കുറ്റമാണെന്നുമായിരുന്നു അറിയിപ്പ്. ഇതിന് ശക്തമായ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും ഫോണ്‍വിളിച്ചവര്‍ അറിയിച്ചു. 2200 ദിര്‍ഹം ഇതിന് പിഴയും ആവശ്യപ്പെട്ടു.

ഫോണ്‍ ഡിസ്കണക്ട് ചെയ്യാതെ മണിഎക്സ്ചേഞ്ചിലെത്തി പണം അയക്കണമെന്ന നിര്‍ദേശമാണ് ഇവരില്‍ സംശയം ജനിപ്പിച്ചത്. അതിന് മുന്പേ വെരിഫിക്കേഷന്‍ എന്ന പേരില്‍ നിരവധി വിവരങ്ങള്‍ ഇവര്‍ ചോദിച്ചറിയുകയും ചെയ്തു. ഇതുസംബന്ധിച്ച ഡി എന്‍ ആര്‍ ഡിയിലും ദുബൈ പൊലീസിനും ഷനില പരാതി നല്‍കി. ഇത്തരം ഫോണ്‍കോളുകള്‍ക്ക് വകുപ്പുമായി ബന്ധമില്ലെന്ന് ഡി എന്‍ ആര്‍ ഡി അധികൃതര്‍ അറിയിച്ചു. നിരവധി പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെടുന്നതായാണ് സൂചന. ഈ സാഹചര്യത്തില്‍ ഇത്തരം ഫോണ്‍കോളുകളെ കരുതിയിരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News