ഒമാന്‍ കാർഗോ സേവനനിരക്ക് വര്‍ധിപ്പിക്കും
ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കിലായിരിക്കും കാർഗോ അയക്കുകയെന്ന് കാർഗോ ഏജന്റുമാർ വ്യക്തമാക്കി.
ഒമാനിൽ കാർഗോ സേവനനിരക്ക് വര്‍ധിപ്പിക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതിയ നിരക്കിലായിരിക്കും കാർഗോ അയക്കുകയെന്ന് കാർഗോ ഏജന്റുമാർ വ്യക്തമാക്കി.
വിമാന കമ്പനികൾ നിരക്ക് ഉയർത്തിയതിനാലാണ് ഡോർ ടു ഡോർ കാർഗോ സേവനങ്ങൾക്ക് നിരക്ക് വർദ്ധിപ്പിക്കുന്നത്. നിലവിൽ കിലോക്ക് ഒരു റിയാൽ ഇരുന്നൂറ് ബൈസ ഈടാക്കുന്ന സ്ഥാനത്ത് പുതിയ നിരക്ക് പ്രകാരം ഒരു റിയാൽ മുന്നൂറ് ബൈസയായിരിക്കും. ഏപ്രിൽ 1 മുതൽ വര്‍ദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് ഒമാനിലെ കാർഗോ ഏജന്റുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിമാന കമ്പനികൾ നിരക്കിൽ നൂറു മുതൽ 200 ബൈസ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ കിലോക്ക് 385 മുതൽ 500 ബൈസ വരെ ഈടാക്കിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 650 ബൈസ വരെ ഈടാക്കുന്നുണ്ട്. മസ്കത് വിമാനതാവളത്തിലെ ഹാൻഡ് ലിങ്ങ് നിരക്കുകളും ലോഡിംഗ് -അൺലോഡിംഗ് ചെലവുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലെ കാർഗോ ക്ലിയറൻസ് ഒരു വർഷമായി നിർത്തി വെച്ചതിനാൽ കാർഗോ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണ്. ഇന്ത്യയിൽ ഉയർന്ന് നിൽക്കുന്ന ഇന്ധന വിലയുടെ ഫലമായി ഡൽഹിയിൽ നിന്ന് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെക്കുള്ള റോഡ്-ട്രെയിൻ ഗതാഗത ചെലവുകളും വർധിച്ചിട്ടുണ്ട്. ഇതേതുടർന്ന് കമ്പനികളുടെയെല്ലാം പ്രവർത്തന ചെലവിൽ കാര്യമായ വർധനവ് വന്നതിന്റെ ഫലമായാണ് കാർഗോ നിരക്കിൽ മാറ്റം വരുത്താൻ നിർബന്ധിതരായതെന്നും ഏജന്റുമാർ പറഞ്ഞു.