സൂസന്‍ ബാഗില്‍; സൌദിയിലെ ആദ്യ അക്രഡിറ്റഡ് വനിതാ ഫോട്ടോഗ്രാഫര്‍
ക്യാമറയുമായി മൂന്നര പതിറ്റാണ്ടിന്റെ പ്രണയമാണുള്ളത്
മൂന്നര പതിറ്റാണ്ടായി പ്രൊഫഷണല്‍ ഫോട്ടോഗ്രാഫി രംഗത്ത് പ്രവര്‍ത്തിക്കുന്ന സൗദി വനിതയാണ് സൂസന്‍ ബാഗില്‍. ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി 150 ലധികം ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിച്ച സൂസന്‍ സൗദിയിലെ ആദ്യ അക്രഡിറ്റഡ് വനിതാ ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്.
ക്യാമറയുമായി മൂന്നര പതിറ്റാണ്ടിന്റെ പ്രണയമാണുള്ളത്. തുടക്കത്തില്‍ ഒരു വിനോദമായാണ് ക്യാമറ കയ്യിലെടുത്തത്. സൗദിയുടെ മുക്കു മൂലകളില്‍ പാഞ്ഞുനടന്ന് പടം പിടിച്ചു. പിന്നീട് അതൊരു തൊഴില്‍ മേഖലയായി മാറി. ഇന്ന് ഒരു ഡസനിലധികം ജീവനക്കാരുള്ള പ്രൊഫഷണല്‍ ഫോട്ടോ ഗ്രാഫിയില്‍ അറബ് വനിതകള്‍ക്ക് പരിശീലനം നല്‍കുന്ന മികച്ചൊരു സ്ഥാപനത്തിന്റെ അധിപ കൂടിയാണ് സുസന്‍ ബാഗല്‍.
ഫ്ളോറിഡയിലെ മിയാമി കമ്മ്യൂണിറ്റി കോളേജില്‍നിന്ന് 1983 ലാണ് ഫോട്ടോഗ്രാഫിയില്‍ ബിരുദമെടുത്തത്. പിന്നീടാണ് ക്യാമറ കണ്ടാല്‍ നെറ്റി ചുളിയുന്ന സൗദിയിലെ പൊതു സമൂഹത്തിലേക്ക് സൂസന്‍ ഫ്ളാഷുകള്‍ മിന്നിച്ചത്. തുടര്‍ന്ന് രാജ സദസുകളിലും രാജ്യാന്തര വേദികളിലും സജീവ സാനിധ്യമായി. റോയിട്ടേഴ്സിലൂടെ നിരവധി ഫോട്ടോകള്‍ ലോക ശ്രദ്ധ നേടി. ആഗോളതലത്തില്‍ 150 ലധികം പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ച ഈ സൗദി വനിതക്ക് സൗദി രാജാവ് മുതല്‍ യു.എന്‍ വരെ സമ്മാനിച്ച 30ല്‍ പരം പുരസ്കാരങ്ങളാണ് ലഭിച്ചത്.