വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നല്‍കിയത് സ്വാഗതം ചെയ്ത് സൌദി സമൂഹം
ചരിത്രം രേഖപ്പെടുത്തുന്ന തീരുമാനം എന്നാണ് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സ്ത്രീകൾ ഇതിനെ വിശേഷിപ്പിച്ചത്
വനിതകള്‍ക്ക് ഡ്രൈവിങിന് അനുമതി നൽകി സൽമാൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവ് സൗദി സമൂഹം ആവേശത്തോടെയാണ് വരവേറ്റത്. ചരിത്രം രേഖപ്പെടുത്തുന്ന തീരുമാനം എന്നാണ് സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സ്ത്രീകൾ ഇതിനെ വിശേഷിപ്പിച്ചത്. യുഎന്‍ സെക്രട്ടറി ജനറലും അമേരിക്കന്‍ പ്രസിഡന്റും തീരുമാനത്തെ സ്വാഗതം ചെയ്തു.
ചൊവ്വാഴ്ച രാത്രി ഉത്തരവ് വന്നത് മുതല്‍ തീരുമാനത്തെ സ്വാഗതം ചെയ്തും സൽമാൻ രാജാവിനെ പ്രശംസിച്ചും സൌദി സമൂഹം മുന്നോട്ട് വന്നു. സൗദിയിലെ സ്ത്രീകൾ ഏറെ കാലമായി കൊതിച്ച ആഗ്രഹം സഫലമായതിന്റെ ആഹ്ലാദ പ്രകടനമായിരുന്നു പ്രമുഖ അച്ചടി, ദൃശ്യ മാധ്യമങ്ങളിൽ വന്ന അഭിപ്രായപ്രകടനങ്ങൾ. സമൂഹ്യ മാധ്യമങ്ങളിലും തീരുമാനം സ്വാഗതം ചെയതു നിരവധി പേരാണ് രംഗത്ത് വന്നത്. സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകിയ ദിവസം ചരിത്രപരവും വേറിട്ടതുമായ ദിനമായി കണക്കാക്കുമെന്ന് ശൂറ അംഗം ലത്തീഫ ശഅ്ലാൻ പറഞ്ഞു. സ്ത്രീകളുടെ വിഷയങ്ങളിൽ സൽമാൻ രാജാവ് വിജയം വരിച്ചിരിക്കുന്നു. ഡ്രൈവിംഗ് വിലക്കുന്നതിൽ സാമ്പത്തികവും മതപരവും സുരക്ഷാപരവുമായ കുറെ പ്രശ്നങ്ങളുണ്ട്. പുതിയ തീരുമാനത്തോടെ ഇതെല്ലാം മാറും. സ്ത്രീകൾക്ക് ഡ്രൈവിംഗിന് അനുമതി നൽകണമെന്ന് ശൂറയിൽ നിരവധി തവണ ലത്തീഫ ശഅ്ലാൻ ആവശ്യമുന്നയിച്ചിരുന്നു. തീരുമാനം ചരിത്രപരമാണെന്നാണ് ശുറ അംഗം ഡോ. ഹയാ അൽമനീഅിന്റെ അഭിപ്രായം. ശൂറ അംഗങ്ങലായ അത്വാ അൽസുബൈത്തി, നൂറ അൽശഅ്ബാൻ എന്നിവരും തീരുമാനത്തെ സ്വാഗതം ചെയ്തു. വിദ്യാഭ്യാസ രംഗത്ത്പ്രവര്ത്തിക്കുന്നവരും വിദ്യാര്‍ഥിനികളും തീരുമാനം രാജ്യത്ത് വിവിധ മേഖകളിലുള്ള പുരോഗതിക്ക് ആക്കം കൂട്ടുമെന്ന് അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സമൂഹവും സൌദിയുടെ തീരുമന്നെ അഭിനന്ദിച്ചു. സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങിന് അനുവാദം നൽകി സൽമാൻ രാജാവ് പുറപ്പെടുവിച്ച ഉത്തരവിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചതായി വൈറ്റ് ഹൗസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വ്യക്തമാക്കി. സൽമാൻ രാജാവിന്റെ ഉത്തരവിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും സ്വാഗതം ചെയ്തു. ഡ്രൈവിങ് നിരോധം നീക്കിയത് നല്ലൊരു ചുവടുവെപ്പാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.