ദുബൈയിൽ തൊഴിലാളികളുമായി പോയ ബസ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് 7 മരണം
35 പേർക്ക് പരിക്കേറ്റു
ദുബൈ വ്യവസായ മേഖലയിൽ തൊഴിലാളികളുമായി പോയ ബസ് നിയന്ത്രണം വിട്ട് ട്രക്കിലിടിച്ച് ദുബൈയിൽ ഏഴു മരണം. 35 പേർക്ക് പരിക്കേറ്റു. ജബൽ അലി മേഖലയിലെ ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്കിനടുത്ത അൽ യലായിസ് റോഡിൽ രാവിലെയായിരുന്നു അപകടം.
നാല് ഇന്ത്യക്കാർ, രണ്ട് നേപ്പാളുകാർ, ഒരു പാക്കിസ്താൻ സ്വദേശി എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. ടയർ പൊട്ടിയതിനെ തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമായി ബസ് ട്രക്കിലിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് ദുബൈ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂഇ പറഞ്ഞു. ഡ്രൈവർ ഉൾപ്പെടെ 41 പേരാണ് ബസിലുണ്ടായിരുന്നത്. ബസിൽ കുരുങ്ങിക്കിടന്ന 22 യാത്രക്കാരെയും ട്രക്ക് ഡ്രൈവറെയും ദുബൈ പൊലീസ്സിവിൽ ഡിഫൻസ് ദൗത്യ സംഘങ്ങൾ രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റവരെ എയർ ആംബുലൻസിലാണ് റാഷിദ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തെ തുടർന്ന് ശൈഖ് സായിദ് റോഡിലും മുഹമ്മദ് ബിൻ സായിദ് റോഡിലും കനത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ദുബൈ-അബൂദബി യാത്രികർ ഏറെ നേരം റോഡിൽ കുടുങ്ങിക്കിടന്നു. യലായിസ് റോഡ് അടച്ച് മറ്റു മാർഗങ്ങളിലൂടെ തിരിച്ചുവിട്ടാണ് ഗതാഗതം സാധാരണ നിലയിലാക്കിയത്.