വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത്
അബ്ദലി, സുബ്ബിയ്യ, സാൽമി, രാജ്യത്തിന്റെ തെക്കൻ മേഖല എന്നിവിടങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനാണ് പദ്ധതി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനൊരുങ്ങി കുവൈത്ത് പരിസ്ഥിതി അതോറിറ്റി . അബ്ദലി, സുബ്ബിയ്യ, സാൽമി, രാജ്യത്തിൻറെ തെക്കൻ മേഖല എന്നിവിടങ്ങളിൽ കൃത്രിമ കായലുകൾ നിർമിക്കാനാണ് പദ്ധതി. കായലുകളുടെ രൂപരേഖയും അന്തിമ റിപ്പോർട്ടും മന്ത്രിസഭക്ക് സമർപ്പിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു.
കൃത്രിമമായി തണ്ണീർത്തടങ്ങൾ ഉണ്ടാക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലിന ജലം ശുദ്ധീകരിച്ചു കായലുകളിൽ എത്തിക്കാനുമാണ് പദ്ധതി . അഞ്ചുവർഷം മുമ്പ് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നിലച്ചു പോയ പദ്ധതിയാണ് പരിസ്ഥിതി വകുപ്പ് യാഥാർഥ്യമാക്കാനൊരുങ്ങുന്നത് . ലോകത്തിലെ തന്നെ ഏറ്റവും ചൂടുകൂടിയ രാജ്യങ്ങളിലൊന്നായ കുവൈത്തിൽ വേനൽകാലത്തനുഭവപ്പെടുന്ന കടുത്ത ചൂടിന് ശമനമേകാൻ തണ്ണീർത്തടങ്ങൾക്കു കഴിയുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. ദേശാടനപക്ഷികളുടെ താവളമായി ഇത്തരം കായലുകൾ മാറുമെന്നും കണക്കുകൂട്ടുന്നു. ഇതോടൊപ്പം രാജ്യത്തെ കടലിലേക്കും മറ്റും മലിനജലം ഒഴുക്കുന്നത് മൂലമുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടുന്നു . മലിനജലം കടലിലേക്ക് ഒഴുക്കിവിടുന്നതിത് മൽസ്യസമ്പത്തു നശിക്കുന്നതിനു കാരണമാകുന്നതായി ശാസ്ത്ര ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു . ഈ പശ്ചാത്തലത്തിൽ നിർദ്ദിഷ്ട പദ്ധതിക്ക് പ്രാധാന്യമേറെയാണെന്നാണ് പരിസ്ഥിതി വകുപ്പിന്റെ വാദം റിപ്പോർട്ടും രൂപരേഖയും പഠിച്ച ശേഷം മന്ത്രിസഭയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക .