വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് സൌദി
എന്നാല്‍ റെമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ഈടാക്കും
വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് സൌദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി. എന്നാല്‍ റെമിറ്റന്‍സ് ഫീസിന് അഞ്ച് ശതമാനം വാറ്റ് ഈടാക്കും. ബാങ്ക് എക്കൗണ്ടിനും ക്രഡിറ്റ് കാര്‍ഡിനും വാറ്റ് ബാധകമാകില്ല.
സൗദിയില്‍ നിന്ന് വിദേശത്തേക്കയക്കുന്ന പണത്തിന് വാറ്റ് ബാധകമല്ലെന്ന് സകാത്ത് ആന്റ് ടാക്സ് ജനറല്‍ അതോറിറ്റിയാണ് വ്യക്തമാക്കിത്. എന്നാല്‍ റെമിറ്റന്‍സ് തുകക്ക് അഞ്ച് ശതമാനമാണ് വാറ്റ്. ഉദാഹരണത്തിന് നിലവില്‍ നാട്ടിലേക്ക് 1000 റിയാലയക്കാന്‍ 18 റിയാലാണ് പരമാവധി റെമിറ്റന്‍സ് ഫീസ്. ഇതിന്റെ അഞ്ച് ശതമാനമേ വാറ്റുണ്ടാകൂ. അതായത് 80 ഹലാല മാത്രം. സേവനങ്ങള്‍ക്ക് ടാക്സ് ബാധകമാണ്. ഇതനുസരിച്ചാണ് റെമിറ്റന്‍സ് ഫീസിന് വാറ്റ് ഈടാക്കുന്നത്. പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നവരാണ് ഈ ടാക്സ് നല്‍കേണ്ടതെന്നും അതോറിറ്റി വിശദീകരിച്ചു. വാറ്റ് ബാധകമല്ലാത്ത ഇനങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അതോറിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മണിട്രാന്‍സ്ഫറിന് വാറ്റ് ബാധകമല്ലെന്ന് അതോറിറ്റി വ്യക്തമാക്കിയത്. കറന്റ് അക്കൗണ്ട്, സേവിങ് അക്കൗണ്ട് എന്നിവക്കും നികുതിയില്ല. ഫൈനാന്‍ഷ്യല്‍ ലീസിങ്, ലോണുകളുടെ പിഴ, കറന്‍സി ഇടപാട് എന്നിവക്കും വാറ്റ് ബാധകമല്ല. ശമ്പളത്തിനും താമസത്തിന് വാടകക്കെടുക്കുന്ന കെട്ടിടവാടകക്കും ഇന്‍ഷുറന്‍സിനും വാറ്റ് ബാധകമാവില്ലെന്ന് അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. വാറ്റുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.