ജനാദിരിയ പൈതൃകോത്സവം; ഇന്ത്യന്‍ സംഘം റിയാദിലെത്തി
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ചയാണ് മേളക്കായി എത്തുക
സൌദിയിലെ ദേശീയ പൈതൃകോത്സവമായ ജനാദിരിയയുടെ ഒരുക്കങ്ങള്‍ പരിശോധിക്കാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം റിയാദിൽ തുടരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ചൊവ്വാഴ്ചയാണ് മേളക്കായി എത്തുക. നാഷണല്‍ ഗാര്‍ഡ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ വി.കെ സിങ് ഒരുക്കങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജനാദിരിയയിലേക്കുള്ള സമയക്രമത്തില്‍ ഇത്തവണ മാറ്റമുണ്ട്.
ദേശീയ പൈതൃകോത്സവത്തില്‍ അതിഥിരാജ്യമായ ഇന്ത്യയുടെ ആദ്യപ്രതിനിധി സംഘം വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ നേതൃത്വത്തിലാണ് റിയാദിലുള്ളത്. ജനാദിരിയയിലെ ഇന്ത്യൻ പവലിയൻ വി.കെ സിങും സൌദി നാഷണല്‍ ഗാര്‍ഡ് മന്ത്രിയും സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. നാഷനൽ ഗാർഡ് മന്ത്രി അമീർ ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽ അയ്യാഫുമായി വി.കെ.സിങ് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് മേളയിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച റിയാദിലെത്തും. അതിന് മുന്നോടിയായാണ് വി.കെ സിങിന്റെ സന്ദർശനം. 2000 ചതുരശ്ര അടിയിൽ മനോഹരമായാണ് പവലിയൻ രൂപകൽപന. ആദ്യ മൂന്ന് ദിനം കേരളത്തിന്റെ സ്റ്റാളാണ് ജനാദിരിയയില്‍. സ്റ്റേജ്ഷോകളുമുണ്ടാവും. കേരളത്തിൽ നിന്നുള്ള പ്രമുഖ കലാകാരൻമാരുടെ സംഘം മേളക്കെത്തും. ഇന്ത്യൻ പവലിയനോട് ചേർന്ന് കലാപരിപാടികൾക്കായി ഡിജിറ്റൽ സംവിധാനത്തോടെയാണ് സ്റ്റേജ്. ഇത്തവണ സന്ദർശകരുടെ പ്രവേശന സമയത്തിൽ മാറ്റമുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് സന്ദർശകർക്ക് മേളയിൽ പ്രവേശനം നൽകുക എന്നറിയിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ വൈകുന്നേരം നാല് മുതലായിരുന്നു പ്രവേശനം. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ രാത്രി 12 മണി വരെയാവും സന്ദർശക സമയം. എട്ടാം തിയതി മുതൽ 11 വരെ പുരുഷൻമാർക്കും 12 മുതൽ 23ാം തിയതി വരെ സ്ത്രീകളുൾപ്പെടെയുള്ള കുടുംബങ്ങൾക്കുമാവും പ്രവേശം.