ലാമ മുതല്‍ കംഗാരു വരെ..നീന്തിത്തുടിക്കുന്ന അരയന്നങ്ങള്‍; കണ്ണും മനവും കുളിര്‍പ്പിക്കുന്ന കാഴ്ചകളുമായി ബലദ്‌ന ഫാം
ചെറുതടാകവും പുല്‍ത്തകിടിയും പുഷ്‌പോദ്യാനവുമെല്ലാം സജ്ജീകരിച്ച പാര്‍ക്കില്‍ പലതരം മൃഗങ്ങളെയും പക്ഷികളെയുമെല്ലാം അടുത്തു കാണാനാവും
ഖത്തറിലെ പാല്‍ക്ഷാമം തീര്‍ക്കാനായി വിവിധ രാജ്യങ്ങളില്‍ നിന്ന് പശുക്കളെ ഇറക്കുമതി ചെയ്ത ബലദ്‌ന ഫാമിനകത്ത് സന്ദര്‍ശകര്‍ക്കായി മനോഹരമായൊരു പാര്‍ക്കും സജ്ജമാക്കിയിരിക്കുന്നു. ചെറുതടാകവും പുല്‍ത്തകിടിയും പുഷ്‌പോദ്യാനവുമെല്ലാം സജ്ജീകരിച്ച പാര്‍ക്കില്‍ പലതരം മൃഗങ്ങളെയും പക്ഷികളെയുമെല്ലാം അടുത്തു കാണാനാവും.
ദോഹയില്‍ നിന്ന് അല്‍ശമാല്‍ റോഡിലൂടെ എക്‌സിറ്റ് 44 ല്‍ വലത്തോട്ടു തിരിഞ്ഞാല്‍ ബലദ്‌നാ ഫാമിലെത്താം . ഗൈറ്റ് നമ്പര്‍ 2 ലൂടെ അകത്തു കടന്നാല്‍ മനോഹരമായ പുല്‍ത്തകിടിയില്‍ പലവര്‍ണ്ണങ്ങളിലുള്ള പശുക്കളുടെ ശില്‍പ്പങ്ങള്‍ കാണാം. രാജ്യത്തിന്റെ പാല്‍ക്ഷാമം തീര്‍ക്കാനായി 20000 ത്തിലധികം പശുക്കള്‍ക്ക് സൗകര്യമൊരുക്കിയ ഫാമിനകത്തെ പാര്‍ക്കിന് അനുയോജ്യമായ ശില്‍പ്പങ്ങള്‍ തന്നെയാണിവ. തൊട്ടു മുന്നില്‍ കാണുന്ന വിസിറ്റേഴ്‌സ് ബ്ലോക്കെന്ന കെട്ടിടത്തിനകത്തെ ഗ്യാലറിയിലേക്ക് കയറിയാല്‍ പാല്‍ ചുരത്താനായി വൃത്തിയുള്ള പ്രതലത്തിലൂടെ കറങ്ങി നീങ്ങുന്ന ഹോള്‍സ്‌റ്റൈന്‍ പശുക്കളുടെ സമൃദ്ധമായ കാഴ്ച. പ്രവേശന ഫീസ് നല്‍കിയാല്‍ പിന്നെ നേരെ പാര്‍ക്കിലേക്ക് പോകാം. ഇവിടെയാണ് ലാമ , പോണി കംഗാരു എന്നിങ്ങനെ പലതരം മൃഗങ്ങളുള്ളത് , ആമകള്‍ക്ക് പോലും തീറ്റ കൊടുക്കാന്‍ സൗകര്യം . തടാകത്തില്‍ നീന്തി തുടിക്കുന്ന അരയന്നങ്ങളും ഫ്‌ളൈയിംഗ് ഡക്കുകകളും.
ഇനി 2 മുതല്‍ 6 പേര്‍ക്കു വരെ സഞ്ചരിക്കാവുന്ന സൈക്കിളില്‍ പുഷ്‌പോദ്യാനത്തിനകത്തേക്ക് പോകാം .പല നിറങ്ങളിലുള്ള ബോഗണ്‍ വില്ലകളും മറ്റു പൂച്ചെടികളും ബോണ്‍സായി മരങ്ങളുമെല്ലാം പരിചരിക്കപ്പെടുന്ന നഴ്‌സറിയാണിവിടെ. കൂടാതെ കുട്ടികള്‍ക്കായുള്ള സാഹസിക വിനോദങ്ങള്‍ക്കും പാര്‍ക്കില്‍ സൗകര്യമുണ്ട്. കാഴ്ച കണ്ട് കഴിഞ്ഞ് ബലദ്‌ന റെസ്‌റ്റോറന്റില്‍ നിന്ന് ശുദ്ധമായ പാലുല്‍പ്പന്നങ്ങളില്‍ തീര്‍ത്ത വിഭവങ്ങള്‍ കഴിച്ച് മടങ്ങാം.