രക്ഷിതാക്കള്‍ ഒപ്പമില്ലാതെയുള്ള കുട്ടികളുടെ യാത്ര; യുഎഇയില്‍ സാക്ഷ്യപത്രം വേണം
സാക്ഷ്യപത്രമില്ലാതെ യു എ ഇയിലെത്തുന്ന കുട്ടികളെ തിരിച്ചയക്കാനാണ് തീരുമാനം.
മാതാപിതാക്കള്‍ ഒപ്പമില്ലാതെ ഇന്ത്യയില്‍ നിന്ന് കുട്ടികളെ യു എ ഇയിലേക്ക് കൊണ്ടുവരാന്‍ ഇനി മുതല്‍ മാതാപിതാക്കളുടെ സാക്ഷ്യപത്രം നിര്‍ബന്ധമാകും. കുട്ടിക്കടത്ത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. സാക്ഷ്യപത്രമില്ലാതെ യു എ ഇയിലെത്തുന്ന കുട്ടികളെ തിരിച്ചയക്കാനാണ് തീരുമാനം. ഈമാസം ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി എയര്‍ഇന്ത്യ അറിയിച്ചു. കുട്ടികളെ കടത്തികൊണ്ടുപോകുന്നത് തടയാന്‍ ദുബൈ എമിഗ്രേഷന്‍, ദുബൈ പൊലീസ് എന്നിവരുടെ നിര്‍ദേശപ്രകാരമാണ് നടപടി. 18 വയസിന് താഴെയുള്ളവര്‍ക്ക് ഈ നിബന്ധന ബാധകമാണ്.
കുട്ടിയുടെ നാട്ടിലെയും യുഎഇയിലെയും മേല്‍വിലാസം, യുഎഇയില്‍ വിമാനമിറങ്ങിയാല്‍ സ്വീകരിക്കാനെത്തുന്ന ആളുടെ പേരും വിലാസവും തുടങ്ങിയ വിവരങ്ങളെല്ലാം സാക്ഷ്യപത്രത്തിലുണ്ടായിരിക്കണം. സാക്ഷ്യപത്രം ഉള്ള കുട്ടികളുടെ ഇമിഗ്രേഷൻ പൂർത്തിയാക്കാനും വിമാനത്താവളത്തിൽ നിന്ന് അംഗീകൃത വ്യക്തിക്ക് അവരെ കൈമാറാനും എയർലൈൻ ജീവനക്കാർ സഹായിക്കും. സാക്ഷ്യപത്രം ശരിയായി പൂരിപ്പിക്കാതെയും സംശയാസ്പദമായ രീതിയിലും തനിച്ച് യു.എ.ഇയിൽ വന്നിറങ്ങുന്ന കുട്ടിയെ തിരിച്ച് നാട്ടിലേക്കയക്കും. ഉത്തരവാദികളായവര്‍ക്ക് പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.