മീഡിയവണ്‍ ഷാര്‍ജയിലും പതിനാലാംരാവ് പെരുന്നാള്‍ മേളമൊരുക്കുന്നു
ഈ മാസം 22 ന് ഷാര്‍ജ എക്സ്പോ സെന്ററിലാണ് സംഗീതവും കലയും മലബാര്‍ രുചികളും സംഗമിക്കുന്ന പെരുന്നാള്‍ മേള
ഖത്തറിന് പിന്നാലെ മീഡിയവണ്‍ ഷാര്‍ജയിലും പതിനാലാംരാവ് പെരുന്നാള്‍ മേളമൊരുക്കുന്നു. ഈ മാസം 22 ന് ഷാര്‍ജ എക്സ്പോ സെന്ററിലാണ് സംഗീതവും കലയും മലബാര്‍ രുചികളും സംഗമിക്കുന്ന പെരുന്നാള്‍ മേള.
ജൂണ്‍ 22 ന് വൈകുന്നേരം അഞ്ച് മുതല്‍ അര്‍ധരാത്രി വരെയാണ് ഷാര്‍ജയിലെ പതിനാലാം രാവ് പെരുന്നാള്‍ മേളം. ഇശല്‍പെരുമയുടെ ചരിത്രത്തിലൂടെയുള്ള യാത്രയായിരിക്കും പതിനാലാം രാവിന്റെ സംഗീതസന്ധ്യ. വിവിധ തലമുറകളിലെ പാട്ടുകാരായിരിക്കും കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന ഇശലുകളുമായി ആസ്വാദകര്‍ക്ക് മുന്നിലെത്തുക. പിന്നണി ഗായകരായ മാര്‍ക്കോസ്, അഫ്സല്‍, രഹ്ന, വിളയില്‍ ഫസീല, ആദില്‍ അത്തു എന്നിവര്‍ സംഗീതനിശക്ക് നേതൃത്വം നല്‍കും. പതിനാലാം രാവിലൂടെ ജനപ്രിയരായ ഷംഷാദ്, തീര്‍ഥ തുടങ്ങിയ യുവഗായകരും ഇവര്‍ക്കൊപ്പമുണ്ടാകും. 'സുഡാനി ഫ്രം നൈജീരിയ' എന്ന സിനിമയിലൂടെ കേരളീയ നന്മയുടെ പ്രതീകമായി മാറിയ രണ്ട് ഉമ്മമാര്‍, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവരായിരിക്കും പാട്ടിന്റെ നാള്‍വഴികളെ പരിചയപ്പെടുത്തുക.
മലബാറിന്റെ പെരുന്നാള്‍ രുചികളെ അവതരിപ്പിക്കുന്ന മലബാര്‍ രുചിയുല്‍സവമാണ് മറ്റൊരു ആകര്‍ഷണം. യു എ ഇയിലെ പത്തോളം റെസ്റ്ററന്റുകള്‍ തനിമയുള്ള വിഭവങ്ങളുമായി രുചിയുല്‍സവത്തിനെത്തും. ഒപ്പന, കോള്‍ക്കളി, ദഫ്മുട്ട് തുടങ്ങിയവ സംഗമിക്കുന്ന മാപ്പിള കലോല്‍സവവും പെരുന്നാള്‍ മേളത്തിന്റെ ഇമ്പമായി മാറും.